തൃശൂർ: നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി ഭൂമിയ്ക്കടിയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും. തൃശൂർ തിപ്പിലശേരിയിലാണ് ഭൂമിയ്ക്കടിയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും കേൾക്കുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പഞ്ചായത്ത് ജനപ്രതിനിധികൾ ജിയോളജി വകുപ്പിനെ വിവരമറിയിച്ചു. നിലവിൽ മറ്റു സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഭൂമിയ്ക്കടിയിൽ നിന്ന് മുഴക്കം കേട്ടതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
കഴിഞ്ഞയാഴ്ച്ച തൃശ്ശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു. വരന്തരപ്പിള്ളി ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് തൃശ്ശൂരിൽ മുഴക്കം ഉണ്ടാകുന്നത്. 2 സെക്കന്റ് നീണ്ടുനിന്നു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു.
കഴിഞ്ഞ മാസം, കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രാത്രിയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത്. രാത്രി 9.55ന് ആയിരുന്നു സംഭവം. ഇടിമുഴക്കത്തിന് സമാനമായി സെക്കൻഡുകൾ നീണ്ടുനിന്ന മുഴക്കമാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിലത്ത് നിന്ന് കാലിൽ തരിപ്പ് അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണ് നാട്ടുകാര്‍ പരിഭ്രാന്തരായത്. കറുകച്ചാൽ, നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് മുഴക്കമുണ്ടായത്. ഇതോടെ ഭൂമികുലുക്കമാണെന്ന് കരുതി ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി. പ്രാദേശിക സാമൂഹ്യ മാധ്യമ കൂട്ടായ്മകളില്‍ ഈ സംഭവത്തെ കുറിച്ച് നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്.
إرسال تعليق