ഇരിട്ടി: ഇരിട്ടിയിൽ ഓൺലൈൻ സൗഹൃദത്തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ. ജർമൻ സ്വദേശിയായ ഡോക്ടർ ഫ്രാങ്കാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫേസ്ബുക്കിലൂടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളർന്നപ്പോൾ ഇരുവരും ഫോൺ നന്പറുകൾ കൈമാറുകയും ചെയ്തു.
ഗുഡ്മോർണിംഗിൽ തുടങ്ങി ഗുഡ്നൈറ്റിൽ അവസാനിക്കുന്ന സന്ദേശങ്ങൾ എല്ലാ ദിവസവും വാട്സാപ്പിൽ കൈമാറിയിരുന്നു. നല്ല സൗഹൃദമായപ്പോൾ സ്വർണവും യൂറോയും ഉൾപ്പെടെ യുവതിക്ക് സമ്മാനമായി അയച്ചിട്ടുണ്ടെന്ന് ജർമൻ സ്വദേശി വാട്സാപ്പിലൂടെ അറിയിച്ചു.
സമ്മാനത്തിന്റെ വീഡിയോ ഉൾപ്പെടെ വീട്ടമ്മയ്ക്ക് ഫോണിലൂടെ നല്കുകയും ചെയ്തു.ഇതിനിടെ, ഡൽഹി എയർപോർട്ട് വഴി എത്തിയ സമ്മാനം എയർപോർട്ട് അധികൃതർ പിടിച്ചുവച്ചിരിക്കുകയാണെന്നും വിട്ടു നൽകുവാൻ രണ്ടര ലക്ഷത്തിലധികം രൂപ ചെലവാകുമെന്നും രണ്ടര ലക്ഷം രൂപ നൽകിയാൽ കോടികൾ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുന്നതെന്നും ജർമൻ സ്വദേശി യുവതിയെ ഫോണിലൂടെ അറിയിച്ചു.
ഇയാളെ വിശ്വസിച്ച വീട്ടമ്മ ഗൂഗിൾ പേ വഴി രണ്ടരലക്ഷത്തോളം രൂപ പല തവണയായി നല്കിയെങ്കിലും സമ്മാനം ലഭിച്ചില്ല. അയൽ വീടുകളിൽനിന്നു വാങ്ങിയ സ്വർണം പണയം വച്ചും കടം വാങ്ങിയുമാണ് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന വീട്ടമ്മ പണം നൽകിയത്.
സമ്മാനം ലഭിക്കാത്തപ്പോൾ ഇരിട്ടി പോലീസിൽ പരാതി നല്കുകയായിരുന്നു. ഓൺലൈൻ സൗഹൃദം നടിച്ച് യുവതികളിൽനിന്നും വീട്ടമ്മമാരിൽനിന്നും പണം കബളിപ്പിക്കുന്ന ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത ഇരിട്ടി പോലീസ് സൈബർ പോലീസിന് കൈമാറി,
إرسال تعليق