Join News @ Iritty Whats App Group

ഏക സിവിൽ കോഡ്: സിപിഎം സെമിനാർ ഇന്ന്, സമസ്തയും ബിഡിജെഎസും പങ്കെടുക്കും


തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്. കോഴിക്കോട് സ്വപ്നനഗരയിലെ ട്രേഡ് സെന്‍ററില്‍ വൈകീട്ട് 4 മണിക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. സിപിഎം ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതും, സമസ്തയിലെ തര്‍ക്കങ്ങളും സെമിനാറിനെ ചര്‍ച്ചയാക്കി. ബിഡിജെഎസ് പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വന്ന് കൃത്യം രണ്ടാഴ്ച പിന്നിടുമ്പോഴാണ് കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ ആദ്യ സെമിനാര്‍ നടക്കുന്നത്. പൗരത്വ വിഷയത്തിനു സമാനമായ രീതിയില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. എന്നാല്‍, സെമിനാര്‍ പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയ തര്‍ക്കങ്ങളും വിവാദങ്ങളും ഇനിയും കെട്ടടങ്ങിയിട്ടുമില്ല. സിപിഎം ക്ഷണം ലീഗ് നിരസിച്ചെങ്കിലും സെമിനാറില്‍ പങ്കെടുക്കാനുളള സമസ്തയുടെ തീരുമാനം സംഘാടകര്‍ക്ക് നേട്ടമായി. വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്ന പാര്‍ട്ടി നിലപാടിനോട് സമസ്തയിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ബുധനാഴ്ച നടത്തിയ പരാമര്‍ശം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു.

ഈ പരാമര്‍ശത്തിനു ശേഷം സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഏക സിവില്‍ കോഡിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും രാജ്യത്തെ വിശ്വാസികളുടെ വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നുളള എംവി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട് ശരിയല്ലെന്നും വ്യക്തി നിയമങ്ങളെ സംരക്ഷിക്കാനാണ് ഏക സിവില്‍ കോഡിനെ നിരാകരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഏക സിവില്‍ കോഡ് നടപ്പാക്കാനുളള നീക്കത്തിനെതിരായ യോജിച്ചുളള പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, സുന്നി മുജാഹിദ് വിഭാഗം നേതാക്കളും ക്രൈസ്തവ സഭാ നേതാക്കളുമടക്കം പങ്കെടുക്കുന്നത് സെമിനാറിന് കിട്ടുന്ന പൊതു സ്വീകര്യതയ്ക്ക് തെളിവെന്ന് സംഘാടകരും വിശദീകരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ നില്‍ക്കെ കോഴിക്കോട്ടെ സെമിനാര്‍ തുടര്‍ സമരപരിപാടികളുടെ ആദ്യ പടിയായി മാറും. കോണ്‍ഗ്രസിന്‍റെ ദേശീയ തലത്തിലെ നിലപാടുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ പ്രതിരോധത്തിലായ യുഡിഎഫ് സിപിഎമ്മിന് പിന്നാലെ സിവിൽ കോഡ് വിഷയത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ജൂലൈ 29 ന് തിരുവനന്തപുരത്ത് യുഡിഎഫ് ബഹുസ്വരത സംഗമം നടക്കും. പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജനസദസും സംഘടിപ്പിക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group