എഐയ്ക്ക് മനുഷ്യർക്ക് പകരമാകാനാകുമോ ? മറുപടിയില്ല അല്ലേ. എന്നാൽ ചാറ്റ്ജിപിടി കാരണം ജോലി നഷ്ടമായ യുവതി പറയുന്നത് അതെയെന്നാണ്. വർഷങ്ങളായി വിവിധ കമ്പനികളിലെ കോപ്പിറൈറ്ററായി ജോലി നോക്കിയിരുന്ന യുവതിയാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. എഐയുടെ ശക്തമായ വരവോടെ അവളുടെ ജോലി മന്ദഗതിയിലായി തുടങ്ങിയതായി അവർ പറയുന്നു. തനിക്ക് ലഭിക്കുന്ന അസൈൻമെന്റുകളുടെ എണ്ണം കുറഞ്ഞു. ഒരു എഴുത്തുകാരി എന്ന നിലയിൽ അവളുടെ സ്വന്തം കഴിവുകളെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് അവളെത്തി.
എന്നാൽ അവളുടെ കഴിവുകളെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് വൈകാതെ മനസ്സിലാക്കിയ അവൾ തന്റെ ഫ്രീലാൻസ് ജോലി കുറയുന്നതിന് പിന്നിലെ യഥാർത്ഥ കാരണം എഐ പവർഡ് റൈറ്റിംഗ് ടൂളുകളുടെ വളർച്ചയാണെന്ന് തിരിച്ചറിഞ്ഞു. പ്രത്യേകിച്ച് ചാറ്റ്ജിപിടിയുടെ ഉയർച്ചയാണ് ഇതിന് പ്രധാന കാരണം. ചെലവ് ചുരുക്കൽ പരിഹാരങ്ങൾ തേടുന്ന ക്ലയന്റുകൾക്കിടയിലാണ് ഇത് കൂടുതൽ പ്രചാരം നേടിയത്.
അവളുടെ പല ക്ലയന്റുകളും, കൂടുതലും ചെറുകിട ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, യുവ ബ്രാൻഡുകൾ, കുറഞ്ഞ ചിലവിൽ കോപ്പിറൈറ്റിംഗ് ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എഐ സാങ്കേതികവിദ്യ തിരഞ്ഞെടുത്തു. ഒരുകാലത്ത് അഭിവൃദ്ധി പ്രാപിച്ച ഫ്രീലാൻസ് കരിയർ ഇതോടെ തകരാൻ തുടങ്ങി.നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തെങ്കിലും ജോലി നേടാനായില്ല. ഒരു ജോലി എന്നത് ഉയർന്ന വലിയ വെല്ലുവിളിയായി മാറിയെന്ന് അവൾ പറയുന്നു. എണ്ണമറ്റ ഇന്ററ്‍വ്യൂകളിൽ പങ്കെടുത്തെങ്കിലും പരാജയമായിരുന്നു ഫലം. അടിയന്തിര ആവശ്യങ്ങൾക്കുള്ള വരുമാന മാർഗം എന്ന നിലയില് ഏതെങ്കിലും ഒരു ജോലി എന്ന നിലയിലേക്ക് എത്താൻ അവൾ പ്രേരിതയായതായി പറയുന്നു. ഇപ്പോഴും കോപ്പിറൈറ്റർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത് തുടരുകയാണ് അവൾ.
എഐയുടെ വരവോടെ ജോലി നഷ്ടമാകുന്ന ആദ്യത്തെ ആളല്ല ഇവർ. മുൻപ് ഇന്ത്യയിൽ നടത്തിയ പഠനം എഐയുടെ കടന്നുവരവ് വ്യക്തമാക്കുന്നതാണ്. ഇന്ത്യയിലെ നാലിലൊന്ന് ആളുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്ന് മൈക്രോസോഫ്റ്റിന്റെ പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നത്.ഇന്ത്യയിൽ നിന്നുള്ള 1,000 പേർ ഉൾപ്പെടെ 31 രാജ്യങ്ങളിലായി 31,000 ആളുകളിലായി നടത്തിയ സർവേയെ അടിസ്ഥാനമാക്കിയ പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്. 74 ശതമാനം ഇന്ത്യൻ തൊഴിലാളികളും എഐ തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ്. എന്നാൽ ഇന്ത്യൻ ജീവനക്കാരിൽ 83 ശതമാനം പേരും തങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിനായി എഐയെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്ന് സർവേ റിപ്പോർട്ട് പറയുന്നു.
إرسال تعليق