Join News @ Iritty Whats App Group

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തലശ്ശേരി: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം നവവധു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

ഫിറ്റ്നസ് പരിശീലകനായ കതിരൂര്‍ നാലാംമൈല്‍ അയ്യപ്പമഠത്തിനടുത്ത മാധവി നിവാസില്‍ സച്ചിന്റെ (32) ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് നിരസിച്ചത്. പൊലീസിന്റെ നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാൻ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഒളിവില്‍പോയ യുവാവ് അഭിഭാഷകൻ മുഖേന തലശ്ശേരി ജില്ല സെഷൻസ് കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. 

സച്ചിന്റെ ഭാര്യ പിണറായി പടന്നക്കരയിലെ സൗപര്‍ണികയില്‍ ടി. മനോഹരന്റെ മകള്‍ മേഘയെ (28) ജൂണ്‍ 10ന് രാത്രി 11ഓടെയാണ് ഭര്‍തൃവീട്ടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായിരുന്ന മേഘയുടെ വിവാഹം കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു. ഏഴ് വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് ഫിറ്റ്നസ് പരിശീലകനായ സച്ചിൻ മേഘയെ വിവാഹം ചെയ്തത്. വിവാഹ ശേഷം സച്ചിന്റെ സമീപനം മേഘയെ ഏറെ വിഷമിപ്പിച്ചിരുന്നുവത്രെ. ആത്മഹത്യ ചെയ്ത മകളുടെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു. 

മുഖ്യമന്ത്രി, സിറ്റി പൊലീസ് കമീഷണര്‍, എന്നിവര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സച്ചിനെതിരെ കതിരൂര്‍ പൊലീസ് കേസെടുത്തിരുന്നത്. സച്ചിൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് കേസ്. ഇൻക്വസ്റ്റില്‍ മേഘയുടെ ദേഹത്ത് 11ഓളം പരിക്കുകള്‍ കണ്ടെത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ 16ഓളം പരിക്കുകളും കണ്ടെത്തി. മേഘ സച്ചിനുമൊത്ത് കണ്ണൂരില്‍ ഒരു പിറന്നാളാഘോഷ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച്‌ വീട്ടില്‍വന്നതിന് ശേഷമാണ് ജീവനൊടുക്കിയതെന്നാണ് പരാതി. തലശ്ശേരി എ.എസ്.പി അരുണ്‍ പവിത്രനാണ് ആദ്യം കേസ് അന്വേഷിച്ചത്. ഇദ്ദേഹം മേഘയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group