പബ്ജി കളിയിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിൽ നിന്ന് നാല് കുട്ടികളുമായി എത്തിയ യുവതി മതം മാറി. ഹിന്ദു മതം സ്വീകരിച്ചുവെന്നും തന്റേയും കുട്ടികളുടേയും പേര് മാറ്റിയെന്നുമാണ് പാക് യുവതി സീമ ഹൈദർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിൽ നിന്നും നേപ്പാൾ വഴി ഇന്ത്യയിലേക്ക് യുവതി എത്തിയത്. അനധികൃതമായി എത്തിയതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, സീമ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തതായും സർനെയിം മാറ്റിയതായും പറയുന്നു. വിവാഹിതയായ യുവതിയുടെയുണ്ടായിരുന്ന സർനെയിം സീമ ഹൈദർ എന്നായിരുന്നു. ഇപ്പോൾ കാമുകനായ സച്ചിൻ മീനയുടെ സർനെയിമാണ് സീമ സ്വീകരിച്ചിരിക്കുന്നത്.
തന്റേത് മാത്രമല്ല, നാല് കുട്ടികളുടേയും പേര് മാറ്റിയതായും സീമ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. രാജ്, പ്രിയങ്ക, പാരി, മുന്നി എന്നിങ്ങനെയാണ് കുട്ടികളുടെ പുതിയ പേര്. സീമ എന്ന പേര് ഹിന്ദു, മുസ്ലീം വിഭാഗങ്ങളിൽ സാധാരണയായി ഉള്ളതിനാൽ സർനെയിം മാത്രമാണ് മാറ്റിയത്.
കാമുകനൊപ്പം ജീവിക്കാനായാണ് യുവതി മതം മാറിയത്. ശനിയാഴ്ച്ചയാണ് സീമയ്ക്ക് ജാമ്യം ലഭിച്ചത്. തുടർന്ന് ഗ്രേറ്റർ നോയിഡയിലെ കാമുകനായ സച്ചിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
യുവാവിനെ തേടി ഇന്ത്യയിലെത്തിയ സീമയെ അനധികൃതമായി കഴിഞ്ഞതിന്റെ പേരിലാണ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. സീമയെ കൊണ്ടുപോകാൻ സച്ചിനും എത്തിയിരുന്നു.
ഒപ്പം നാല് മക്കളും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഖായ്പൂർ ജില്ലയിൽ നിന്നാണ് സീമ ഇന്ത്യയിലേക്ക് കാമുകനെ തേടി വന്നത്. ആദ്യം നേപ്പാളിലേക്കും അവിടുന്ന് ഇന്ത്യയിലേക്കും കടക്കുകയായിരുന്നു. 12 ലക്ഷം രൂപയ്ക്ക് തന്റെ ഭൂമി വിറ്റാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയതെന്നും സീമ പൊലീസിനോട് പറഞ്ഞു.
സീമയേയും മക്കളേയും സ്വീകരിക്കാൻ തന്റെ കുടുംബം തയ്യാറായെന്ന് സച്ചിൻ പറയുന്നു. സീമയ്ക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും സഹായിക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.
അതിനിടയിൽ, ഭാര്യയെ തിരിച്ച് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സീമയുടെ ഭർത്താവും രംഗത്തെത്തിയിരുന്നു.
إرسال تعليق