തിരുവനന്തപുരം: പി ജയരാജന്‍റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി വക്താവ് സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപ് വാര്യർ കുറിച്ചത് ഇങ്ങനെ, ”യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും”. ഈ പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാണ്.
നേരത്തെ യുവമോര്‍ച്ചാ നേതാക്കള്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ നടത്തിയ ഭീഷണി പ്രസംഗം വിവാദമായിരുന്നു. സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ യുവമോര്‍ച്ച നേതാവ് നടത്തിയ പ്രസംഗത്തിനെതിരായാണ് പി.ജയരാജന്‍ ഭീഷണി മുഴക്കിയത്. ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാരുടെ തല മോർച്ചറിയിലിരിക്കുമെന്നാണ് പി. ജയരാജന്‍ പറഞ്ഞത്.
ഭരണഘടന പദവിയിലിരിക്കുന്നയാൾ ഉത്തരവാദിത്തം നിറവേറ്റിയാൽ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഈ നാട്ടിൽ നടപ്പില്ല. ഷംസീർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്നും പി ജയരാജൻ പറഞ്ഞിരുന്നു. സേവ് മണിപ്പൂർ എന്ന മുദ്രാവാക്യം ഉയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്ന പി ജയരാജൻ. കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനാണ് പി ജയരാജന്‍ മറുപടി നല്‍കിയത്.
അതേസമയം പി ജയരാജന്റെ ഭീഷണി പ്രസംഗത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആർ പ്രഫുൽകൃഷ്ണൻ രംഗത്തെത്തി. മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണെന്ന് പ്രഫുൽകൃഷ്ണൻ പറഞ്ഞു.
പി ജയരാജന്റെ ഭീഷണി അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. സിപിഎം നേതാക്കളുടെ കൊലവിളി ഒരു പാട് കണ്ട സംഘടനയാണ് യുവമോർച്ച. ഭരണസ്വാധീനം പോലുമില്ലാതെ എല്ലാ വെല്ലുവിളിയേയും കേരളത്തിന്റെ മണ്ണിൽ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോർച്ചയെന്ന് ജയരാജൻ മറക്കണ്ടെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
പി ജയരാജനെ 1999ലെ തിരുവോണ ദിവസം കണ്ണൂർ കിഴക്കേ കതിരൂരിലെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. എൽഡിഎഫ‌് വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായിരുന്നു ജയരാജൻ. ഓണസദ്യ കഴിച്ച‌് വിശ്രമിക്കുമ്പോൾ ബോംബെറിഞ്ഞ‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ച‌് വീട്ടിലേക്ക‌് ഇരച്ചുകയറിയ സംഘം ജയരാജന്റെ ശരീരത്തിൽ തുടരെ വെട്ടി മൃതപ്രായനാക്കി ഉപേക്ഷിച്ചു. അദ്ദേഹത്തിന്‍റെ അറ്റുപോയ കൈ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വിദഗ്ദ ചികിത്സയിലാണ് തുന്നിച്ചേർത്തത്. ഈ കേസിൽ ആർഎസ്എസ് പ്രവർത്തകരായ ആറു പേരെ 2007ൽ സെഷൻസ് കോടതി 10 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. പൊലീസ് പ്രതി ചേർത്തിരുന്ന നാലുപേരെ കോടതി വെറുതെവിടുകയും ചെയ്തു.
إرسال تعليق