തിരുവനന്തപുരം: ഭൂമിക്ക് അടിയിൽ നിന്നും മുഴക്കവും ചെറിയതോതിൽ വിറയലും അനുഭവപ്പെടുന്നതായി, കാസർഗോഡ്, കോട്ടയം, തൃശൂർ അടക്കമുള്ള ചില ജില്ലകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ കാരണത്തെ കുറിച്ച് പലയിടങ്ങളിൽ നിന്നും ചർച്ച ഉയർന്നു. പല രീതിയിലുമുള്ള ഊഹാ പോഹങ്ങൾ പ്രചരിക്കുന്നതിനിടെ ഏറ്റവും ഒടുവിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒരു കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.
ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദീകരിക്കുന്നത്. ഇതിൽ ഭയപ്പെടേണ്ട ആവശ്യമില്ല. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളമാണ്. ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദീകരിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലെ കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിലിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേൾക്കുന്നതായും റിപ്പോർട്ടുചെയ്യപ്പെടുന്നുണ്ട്. ഭൗമോന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നു ഉള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദ്ദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്.
ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്റർ ഫോർ സിസ്‌മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജി യുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല.
إرسال تعليق