Join News @ Iritty Whats App Group

ബെംഗളൂരുവില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്




അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയ്ക്കെതിരെ തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. ബെംഗളൂരുവില്‍ ജൂലൈ 17, 18 തീയതികളിലായി നടക്കുന്ന യോഗത്തിലേക്ക് ചെറുതും വലുതുമായ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേരുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ യോഗമാണിത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മത്സരിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയാണ് ലക്ഷ്യം. യോഗത്തിൽ 24 പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, രണ്‍ദീപ് സുര്‍ജേവാല, സംസ്ഥാന ആഭ്യന്തര മന്ത്രി പരമേശ്വര്‍ എന്നിവര്‍ യോഗത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. ജൂണ്‍ 23 ന് പാറ്റ്‌നയില്‍ ആദ്യത്തെ യോഗം നടന്നിരുന്നു. അന്ന് 15 പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്.

17-ന് രാത്രി അത്താഴവിരുന്ന് ഉണ്ടായിരിക്കും. ചൊവ്വാഴ്ച കൂടുതല്‍ ഔപചാരിക യോഗം നടക്കും. 2024-ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള പദ്ധതികള്‍ ചൊവ്വാഴ്ച പ്രതിപക്ഷം വിശദമായി ആവിഷ്‌കരിക്കും. ഫാസിസ്റ്റ്, ജനാധിപത്യ ശക്തികളെ പരാജയപ്പെടുത്താനുള്ള മാറ്റമില്ലാത്ത തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ യോഗത്തിന്റെ തീയതികള്‍ പ്രഖ്യാപിക്കുന്നതിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു.പാറ്റ്‌നയിലെ വന്‍ വിജയമായ യോഗത്തിന് ശേഷം രണ്ടാമത്തെ യോഗമാണ് ഇന്ന് ആരംഭിക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കുമെന്ന് ആം ആര്‍മി പാര്‍ട്ടി ശനിയാഴ്ച അറിയിച്ചിരുന്നു. ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത് വരെ കോണ്‍ഗ്രസുമായി തങ്ങള്‍ സഖ്യത്തിനില്ലെന്ന് എഎപി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ പിന്തുണയ്ക്കുന്നില്ലെന്ന് കെ.സി വേണുഗോപാല്‍ ഞായറാഴ്ച അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ന് ആരംഭിക്കുന്ന യോഗത്തില്‍ എഎപി പങ്കുചേരും, ഓര്‍ഡിനന്‍സിനോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നില്ല-അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ആദിത്യ താക്കറെ, എംപി സഞ്ജയ് റാവത്ത് എന്നിവരും വളരെ പ്രധാനപ്പെട്ട ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാറ്റ്‌നയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും ബെംഗളൂരുവിലെ യോഗത്തില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ എത്തിച്ചേരും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും യോഗത്തിനെത്തിച്ചേരും. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരും യോഗത്തില്‍ എത്തിച്ചേരും.

പാറ്റ്‌നയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്ന എട്ട് പുതിയ പാര്‍ട്ടികള്‍ കൂടി ബെംഗളൂരുവില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു. എംഡിഎംകെ, കെഡിഎംകെ, വിസികെ, ആര്‍എസ്പി, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് (ജോസഫ്), കേരളാ കോണ്‍ഗ്രസ് (മാണി) എന്നീ പാര്‍ട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Post a Comment

أحدث أقدم
Join Our Whats App Group