Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രസര്‍കാര്‍


കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ പദവി നിരസിച്ചതിനെ കുറിച്ച്‌ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര സര്‍കാര്‍ നിഷേധ നിലപാട് ആവര്‍ത്തിച്ചതായി ജോണ്‍ ബ്രിട്ടാസ് എംപി.

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ പദവി കേന്ദ്ര ഗവണ്‍മെന്റ് നല്‍കുകയാണെങ്കില്‍ മാത്രമേ വിദേശ വിമാന കംപനികള്‍ക്ക് സര്‍വീസുകള്‍ നടത്തുവാന്‍ കഴിയൂവെന്നാണ് കേന്ദ്രവ്യോമയാന മന്ത്രിയോട് ബ്രിട്ടാസ് തന്റെ ചോദ്യത്തിലൂടെ ഉന്നയിച്ചത്. 

പുതുതായി കണ്ണൂര്‍ ഉള്‍പെടെയുള്ള നോണ്‍ മെട്രോ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കാള്‍ പദവി അനുവദിക്കാന്‍ കഴിയില്ലെന്നതാണ് കേന്ദ്രസര്‍കാരിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇതിനോടകം നിരവധി നോണ്‍ മെട്രോ വിമാനത്താവളങ്ങള്‍ക്ക് ഈ പദവി ഉണ്ടെന്നിരിക്കെ ഇപ്രകാരം ഒരു ഏകപക്ഷീയ നിലപാട് കേന്ദ്രം സ്വീകരിക്കുന്നത് യുക്തിസഹമല്ല, മറിച്ചു വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി അവിടെ നിന്നും ഇന്‍ഡ്യന്‍ കംപനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുവാനുള്ള അനുമതി വാങ്ങിയെടുക്കുക എന്നതാണ് കേന്ദ്രം ചെയ്യേണ്ടിയിരുന്നത്.

പോയിന്റ് ഓഫ് കാള്‍ പദവി ലഭിക്കുകയാണെങ്കില്‍ വിദേശ വിമാന കംപനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ നടത്താന്‍ സാധിക്കും. നിലവില്‍ കണ്ണൂരില്‍ നിന്ന് എയര്‍ ഇന്‍ഡ്യ ഉള്‍പെടെ രണ്ട് ആഭ്യന്തര വിമാന കംപനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്, എന്നാല്‍ അവയൊന്നും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുവാന്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള സര്‍വീസുകള്‍ക്ക് പോലും വൈഡ് ബോഡി എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്നുമില്ല. ഇത് കണ്ണൂരില്‍ നിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിക്കുന്നു.

വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച വിമാനത്താവളത്തിന് നിര്‍മ്മാണാവശ്യത്തിന് എടുത്ത 800 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പ തിരിച്ചടയ്ക്കുവാനുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ ഓപറേറ്റ് ചെയ്‌തെങ്കില്‍ മാത്രമേ ലാഭകരമായും വിജയകരമായും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നത് കേന്ദ്ര ഗവണ്‍മെന്റിനും അറിവുള്ള കാര്യമാണ്. എന്നിട്ട് കൂടി പോയിന്റ് ഓഫ് കാള്‍ പദവി നല്‍കാതെ കണ്ണൂര്‍ വിമാനത്താവളത്തെ ശ്വാസംമുട്ടിച്ച്‌ ഇല്ലാതാക്കുവാന്‍ കേന്ദ്രം ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group