Join News @ Iritty Whats App Group

പ്ലസ് വൺ പ്രവേശനം: സമ​ഗ്ര വിലയിരുത്തൽ ഉണ്ടാകും, സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ജൂലൈ 8 മുതല്‍


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ഉടൻ സമഗ്ര വിലയിരുത്തൽ ഉണ്ടാകുമെന്നും ഇത്തവണ പ്ലസ് വൺകാർക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. പ്രഖ്യാപിച്ച തീയതിയിൽ തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പ്രഖ്യാപിച്ച തിയതിയിൽ തന്നെ ക്ലാസ് തുടങ്ങാനുമായി. ഇതുകൊണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഹയർസെക്കണ്ടറിയിൽ ഇതുവരെ മെറിറ്റ് സീറ്റില്‍ 2,63,380 പേരും സ്പോര്‍ട്സ് ക്വാട്ടയിൽ 4026 പേരും കമ്മ്യൂണിറ്റി ക്വാട്ടയിൽ 19,901 പേരും മാനേജ്മെന്റ് ക്വാട്ടയിൽ 20,431 പേരും അണ്‍ എയ്ഡഡ് ക്വാട്ടയിൽ 12,945 പേരും അടക്കം ആകെ 3,20,683 പേർ പ്രവേശനം നേടിയിട്ടുണ്ട്.

സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതൽ 12 വരെയാണ്.സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്.

Post a Comment

أحدث أقدم
Join Our Whats App Group