Join News @ Iritty Whats App Group

മണിപ്പൂര്‍ ജനത ക്രൂരമായ സംഭവങ്ങളില്‍ വേദനിക്കാന്‍ തുടങ്ങിയിട്ട് 79 ദിവസങ്ങള്‍; ഒടുവില്‍ പ്രധാനമന്ത്രി അതറിഞ്ഞെന്ന് മുഹമ്മദ് റിയാസ്


ഇന്ത്യയിലെ മതനിരപേക്ഷ ജനത മണിപ്പൂരില്‍ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളില്‍ വേദനിക്കാന്‍ തുടങ്ങിയിട്ട് നീണ്ട 79 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി അതൊക്കെ അറിഞ്ഞതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അദ്ദേഹത്തിന് ഇതറിയാന്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ മെയ്തി വിഭാഗത്തില്‍പ്പെട്ട അക്രമികള്‍ നഗ്‌നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വിഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നതായും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഒടുവില്‍, പ്രധാനമന്ത്രിക്ക് വേദനിച്ചിരിക്കുന്നു.
മണിപ്പൂരില്‍ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളില്‍ ഇന്ത്യയിലെ മതനിരപേക്ഷ ജനത വേദനിക്കാന്‍ തുടങ്ങിയിട്ട് നീണ്ട 79 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി അതൊക്കെ അറിഞ്ഞത്. അദ്ദേഹത്തിന് അതറിയാന്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ മെയ്തി വിഭാഗത്തില്‍പ്പെട്ട അക്രമികള്‍ നഗ്നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നു; നീചമായ ആ സംഭവത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം കനത്ത വിമര്‍ശനം ഉയരേണ്ടിവന്നു; ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യക്കു തലകുനിക്കേണ്ട ദുരവസ്ഥ ആവര്‍ത്തിക്കേണ്ടിവന്നു. ഭരണകക്ഷിയായ ബി.ജെ.പിയുടെ പരിപൂര്‍ണ പിന്തുണയുള്ളവരാണ് മെയ്തികളെന്നത്
മോദിജി അറിഞ്ഞോ ആവോ!
താന്‍ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് എന്ന് ഘോഷിച്ചു നടക്കുന്ന മോദിയുടെ മുതലക്കണ്ണീര്‍ 'ദി ടെലഗ്രാഫ്' പത്രം ഇന്ന് കൃത്യമായി പകര്‍ത്തിയിട്ടുണ്ട്.

മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞത്, ഇത്തരത്തില്‍ നൂറു കണക്കിനു സംഭവങ്ങള്‍ മണിപ്പൂരില്‍ അരങ്ങേറുന്നുണ്ട് എന്നും അതൊന്നും പുറം ലോകമറിയാതിരിക്കാനാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത് എന്നുമാണ്. സ്ത്രീകള്‍ക്കു നേരേ നടക്കുന്ന ഹീനമായ ലൈംഗികാക്രമണങ്ങള്‍ ഉള്‍പ്പെടെ മണിപ്പൂരില്‍ അരങ്ങേറുന്ന കലാപത്തിന്റെ യഥാര്‍ത്ഥ ചിത്രം ബി.ജെ.പിക്ക് നന്നായി അറിയാം എന്ന് ചുരുക്കം. നിങ്ങള്‍ എത്രയൊക്കെ മൂടിവച്ചാലും സത്യങ്ങള്‍ സത്യങ്ങളായിത്തന്നെ പുറത്തുവരും. ഇന്റര്‍നെറ്റ് വിച്ഛേദിച്ചാലും സോഷ്യല്‍ മീഡിയയില്‍നിന്ന് വീഡിയോ ദൃശ്യങ്ങള്‍ ഇല്ലാതാക്കിയാലും ഇല്ലാതാകുന്നതല്ല ഇന്ത്യന്‍ ജനത അനുഭവിക്കുന്ന വംശീയപീഡനങ്ങള്‍. ഈ കാലവും കടന്നുപോകും. ഇന്ത്യ ഇതിനെ പൊരുതിത്തോല്‍പിക്കുക തന്നെ ചെയ്യും.

Post a Comment

أحدث أقدم
Join Our Whats App Group