Join News @ Iritty Whats App Group

ആറളം റെഡ് ചില്ലീസ് പദ്ധതി -ഫാമിൽ 5 ഏക്കറിൽ ഒരുക്കിയ മുളക് പാടം പൂത്തുതുടങ്ങി


ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം റെഡ് ചില്ലീസ് പദ്ധതിയുടെ ഭാഗമായി കൃഷിചെയ്‌ത മുളകുപാടം പൂത്തു തുടങ്ങി. ബ്ലോക്ക് 13 ൽ രൂപീകരിച്ച അനശ്വര കൃഷി കൂട്ടത്തിന്റെ നേതൃത്വത്തിൽ 5 ഏക്കറിൽ കൃഷിചെയ്ത പച്ച മുളക് കൃഷിയാണ് പൂത്ത് കായ്‌ഫലം തന്ന്‌ തുടങ്ങിയത്. 
 അകെ 12 ഏക്കറിൽ ആണ് പച്ചക്കറി കൃഷി സംരംഭം തുടങ്ങിയത്. അതിൽ ആദ്യഘട്ടത്തിൽ 5 ഏക്കർ സ്ഥലത്ത് കൃത്യതാ കൃഷി രീതിയിൽ പച്ചമുളക്, വെണ്ട എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. പച്ചക്കറി തൈകൾ, വളം, ജലസേചന മോട്ടോർ കൃത്യതാ കൃഷിക്കുള്ള പ്ലാസ്റ്റിക് മൾച്ചിംഗ് ഷീറ്റ്, പൈപ്പ് ലൈൻ എന്നിവ കൃഷി വകുപ്പിന്റെയും, ടി ആർ ഡി എമ്മിന്റെയും ധനസഹായത്തോടെയും, നിലം ഒരുക്കൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരവും ആണ് ചെയ്യുന്നത്.
ഫാമിലെ 15 ഏക്കറിൽ ആരംഭിച്ച ചെണ്ടുമല്ലിക്കൃഷിയിൽ അഞ്ച് ഏക്കറിൽ പൂത്ത ചെണ്ടുമല്ലികൾ വിളവെടുത്ത് തുടങ്ങി. ഓണം വിപണി ലക്ഷ്യമാക്കി 10 ഏക്കറിലും ചെണ്ടുമല്ലി കൃഷി ഇറക്കിക്കഴിഞ്ഞു.  
ആറളം റെഡ് ചില്ലീസ് എന്ന പേരിൽ ആരംഭിച്ച മുളക് കൃഷി പദ്ധതി ഫാമിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആറളം കൃഷിഭവന്റെ തീരുമാനം. അനശ്വര കൃഷി കൂട്ടം അംഗങ്ങളായ എ. എസ്. ശശി, രാഘവൻ, അനിത ശശി എന്നിവരുടെ നേതൃത്വത്തിൽ ആണ് കൃഷി ചെയ്യുന്നത്. ആറളം കൃഷി ഭവൻ സീനിയർ കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ് ആണ് മാർഗ്ഗ നിർദ്ദേശം നൽകുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group