Join News @ Iritty Whats App Group

കേരളത്തിന് വീണ്ടും അഭിമാനം: 4 ആശുപത്രികൾക്ക് കൂടി എൻക്യുഎഎസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്


തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും 3 കുടുബാരോഗ്യ കേന്ദ്രങ്ങൾക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂർ 87% സ്‌കോറും, കോട്ടയം എഫ് എച്ച് സി ഉദയനാപുരം 97% സ്‌കോറും, കൊല്ലം എഫ്എച്ച്സി ശൂരനാട് സൗത്ത് 92% സ്‌കോറും, കൊല്ലം എഫ് എച്ച് സി പെരുമൺ 84% സ്‌കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 164 ആശുപത്രികൾക്ക് എൻ ക്യു എ എസ് അംഗീകാരം നേടിയെടുക്കാനായതായും മന്ത്രി വ്യക്തമാക്കി.

5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 107 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ ക്യു എ എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ ക്യു എ എസ് അംഗീകാരത്തിന് 3 വർഷ കാലാവധിയാണ്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ ക്യു എ എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.

സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി വലിയ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഗുണനിലവാരം ഉറപ്പാക്കാനായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ എം എല്‍ എമാരുൾപ്പെടെയുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി സ്വീകരിച്ചു വരുന്നു. എംഎൽഎമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.

Post a Comment

أحدث أقدم
Join Our Whats App Group