തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മഹാരാജിനെ പുറത്തെടുക്കാനുള്ള ദൗത്യം 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൂര്‍ത്തിയായി. മഹാരാജിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കിണറ്റില്‍ 90 ഓളം അടിയിലാണ് മഹാരാജ് കുടുങ്ങിക്കിടന്നത്. രാത്രി 12 മണിയോടെ കിണറ്റിലിറങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അരഭാഗത്തോളം മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കാന്‍ രാത്രി കഴിഞ്ഞിരുന്നു.
ശരീരം മണ്ണിനടിയില്‍ 48 മണിക്കൂര്‍ പിന്നിട്ടതോടെ ജീര്‍ണ്ണിച്ചിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ബലം പ്രയോഗിച്ച് ഉയര്‍ത്തുന്നത് ദുഷ്‌കരമായിരുന്നു. കപ്പിയില്‍ കെട്ടിയിറക്കിയ അഞ്ച് വടങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം.
രാവിലെ 10 മണിയോടെ മഹാരാജിന്റെ ശരീരം പുറത്തെടുത്തു. തൊട്ടടുത്ത് തയ്യാറാക്കിയ ഷെഡ്ഡിലേക്ക് ശരീരം മാറ്റി. ഡോക്ടര്‍മാരെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മരണം സ്ഥിരീകരിച്ചു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ശരീരം ആശുപത്രിയിലേക്ക് മാറ്റും.
കൊല്ലത്തുനിന്നെത്തിയ വിദഗ്ധ തൊഴിലാളികള്‍ എത്തിയാണ് മണ്ണിടിച്ചില്‍ തടയാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയത്. ചന്ദ്രന്‍, നാരായണന്‍ എന്നീ തൊഴിലാളികള്‍ കിണറ്റില്‍ ഇറങ്ങിയാണ് മഹാരാജിന്റെ ശരീരം പുറത്തെടുക്കാനുള്ള ദൗത്യം നിര്‍വഹിച്ചത്.
ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് മുക്കോലയില്‍ സുകുമാരന്റെ വീട്ടുവളപ്പിലെ കിണറ്റില്‍ അപകടമുണ്ടായത്. കിണറ്റിലെ റിംഗ് ഉറപ്പിക്കുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ബലം കുറഞ്ഞ മണ്ണായതിനാല്‍ മണ്ണും ചെളിയും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ പോലീസും അഗ്നിശമന സേനയും എത്തിയെങ്കിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരുന്നു. തുടര്‍ന്ന് എന്‍ഡിആര്‍എഫ് എത്തി.
കൊല്ലത്തുനിന്നെത്തിയ വിദഗ്ധ തൊഴിലാളികള്‍ കിണറ്റിലിറങ്ങി പലക അടിച്ച് ഇരുമ്പ് റിംഗ് ഇറക്കി സുരക്ഷ ഉറപ്പാക്കി. തുടര്‍ന്നാണ് മഹാരാജിനെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങിയത്.
വെള്ളിയാഴ്ചയാണ് മഹാരാജ്, മണികണ്ഠന്‍ എന്നീ തൊഴിലാളികള്‍ കിണറ്റില്‍ റിംഗ് ഇറക്കിയത്. ആദ്യം 20 റിംഗ് ഉറപ്പിച്ചു. തുടര്‍ന്ന് ആഴം കൂട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ്അപ്രതീക്ഷിതമായ മണ്ണിടിച്ചിലുണ്ടായത്. മഹാരാജ നിന്ന സ്ഥലത്താണ് മണ്ണ് വീണത്. മണികണ്ഠന്‍ ഇതിനു തൊട്ടുമുകളിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ മണ്ണിടിഞ്ഞത്.
തമിഴ്‌നാട് സ്വദേശിയാണ് മഹാരാജ്. വര്‍ഷങ്ങളായി കുടുംബ സമേതം വിഴിഞ്ഞത്ത് സ്ഥിര താമസമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി കിണര്‍ നിര്‍മ്മാണ തൊഴിലാളിയാണ് 55 കാരനായ മഹാരാജ്.
Ads by Google
إرسال تعليق