ബംഗളൂരു: ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ'യെന്ന് പേര് നൽകി. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂർണരൂപം. ബെംഗളൂരുവിൽ ചേർന്ന് രണ്ടാം പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഇന്ന് ചേർന്ന പ്രതിപക്ഷ യോഗത്തിൽ 26 പാർട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തതത്. നേരത്തേ ബിഹാറിലെ പാട്നയിൽ ചേർന്ന യോഗത്തിൽ 16 പാർട്ടികളായിരുന്നു ഭാഗമായത്.
യോഗത്തിലെ പ്രധാന അജണ്ടകളിലൊന്നായിരുന്നു സഖ്യത്തിന് എന്ത് പേര് നല്‍കുമെന്നത്. യു പി എ എന്ന പേരിലായിരിക്കില്ല പ്രതിപക്ഷം ബി ജെ പിക്കെതിരെ കളത്തിലിറങ്ങുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയാണ് 'ഇന്ത്യ' എന്ന പേര് നിര്‍ദേശിച്ചത്. അതേസമയം ചർച്ചയ്ക്കിടെ സഖ്യം എന്ന വാക്ക് 'മുന്നണി' എന്നാക്കി മാറ്റണമെന്ന നിർദ്ദേശം ചില ഇടത് നേതാക്കൾ ഉന്നയിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
പ്രതിപക്ഷ സഖ്യത്തിന്റെ ചെയർപേഴ്സണായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ നിയോഗിച്ചേക്കുമെന്നാണ് സൂചന. ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പേരാണ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സോണിയ ഗാന്ധിയായിരുന്ന 2004 മുതല്‍ 2014 വരെയുളള കാലഘട്ടത്തില്‍ കേന്ദ്രം ഭരിച്ച യു പി എ സഖ്യത്തിന്റെ ചെയർപേഴ്സൺ.
അതേസമയം സഖ്യത്തിന് പുതിയ പേര് നൽകിയതിന് പിന്നാലെ ട്വീറ്റുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കൂടുതൽ പാർട്ടികളെ വരും ദിവസങ്ങളിൽ സഖ്യത്തിന്റെ ഭാഗമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
ലോക്സഭ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ വിജയിക്കും' എന്നായിരുന്നു ലോക്സഭ എംപിയും കോൺഗ്രസ് നാവുമായ മാണിക്കം ടാഗോർ ട്വീറ്റ് ചെയ്തത്.
إرسال تعليق