കര്‍ണാടക സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് വന്‍പ്രചാരം. പദ്ധതി നടപ്പിലാക്കി ആറ് ദിവസത്തിനുള്ളില്‍ 60 ലക്ഷം അപേക്ഷകള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ വെച്ച് നല്‍കുന്ന പദ്ധതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തിരുന്നു. ഒരു വര്‍ഷം വീട്ടമ്മാര്‍ക്ക് 24,000 രൂപയുടെ സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്ന പദ്ധതിയാണ്. എപിഎല്‍, ബിപിഎൽ വിഭാഗത്തില്‍പ്പെടുന്ന ഏകദേശം 1.28 കോടി സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് 16-ന് ശേഷം വീട്ടമ്മമാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുമെന്ന് പദ്ധതി അവതരിപ്പിക്കുന്ന വേളയില്‍ സിദ്ധരാമയ്യ പറഞ്ഞിരുന്നു.
മികച്ച പ്രതികരണം
സ്ത്രീകളില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. പദ്ധതി അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുള്ളത്. ഈയൊരാഴ്ചക്കുള്ളില്‍ തന്നെ 1.28 കോടി സ്ത്രീകളില്‍ 70 ലക്ഷം പേരെങ്കിലും അപേക്ഷ നല്‍കുമെന്നാണ് കരുതുന്നത്, ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള സേവ സിന്ധു ആപ്ലിക്കേഷന്‍, ചാട്ട്‌ബോട്ടുകള്‍, മൊബൈല്‍ വണ്‍, മറ്റ് മൊബൈല്‍ അധിഷ്ഠിത ആപ്പിക്കേഷന്‍ എന്നിവ വഴി ദിവസം അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ അപേക്ഷകളാണ് ലഭിക്കുന്നതെന്ന് വനിതാ, ശിശുവികസന വകുപ്പ് പങ്കുവെച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
അപേക്ഷകളോരോന്നും ഞങ്ങള്‍ കൃത്യമായി പരിശോധിച്ചു വരികയാണ്. പരമാവധി സ്ത്രീകള്‍ക്ക് നേട്ടം ഉറപ്പാക്കുന്നതിനായി അവ സാധുതയുള്ളതാണോയെന്ന് ഉറപ്പുവരുത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സേവ സിന്ധു ആപ്ലിക്കേഷന്‍, മൊബൈല്‍ വണ്‍ എന്നിവയിലൂടെയും സ്വകാര്യ ആപ്ലിക്കേഷനായ സ്റ്റെപ് ആന്‍ഡ് സ്റ്റോണ്‍ എന്നിവ വഴിയുമാണ് ഗൃഹലക്ഷമി പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്.
സേവ സിന്ധു, മൊബൈല്‍ വണ്‍ എന്നീ ആപ്ലിക്കേഷനുകളേക്കാള്‍ അധികമായി ആളുകള്‍ സ്റ്റെപ് ആന്‍ഡ് സ്റ്റോണ്‍ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നതെന്നാണ് വിവരം. ഏകദേശം നാല് ലക്ഷത്തോളം പേരാണ് സ്റ്റെപ് ആന്‍ഡ് സ്റ്റോണ്‍ വഴി ഒരു ദിവസം അപേക്ഷ നല്‍കുന്നത്.
സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പണം മരുന്നിനും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കാനാണ് പദ്ധതിയെന്ന് കര്‍ണാടകയിലെ വീട്ടമ്മമാര്‍ പറയുന്നു.
അതേസമയം, തട്ടിപ്പുകള്‍ സൂക്ഷിക്കണമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി മുന്നറിയിപ്പ് നൽകി. അപേക്ഷകരെ കബളിപ്പിച്ച് പണം തട്ടാന്‍ വ്യാജ ആപ്ലിക്കേഷനുകള്‍ സൈബര്‍ തട്ടിപ്പുകാര്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ കരുതല്‍ വേണമെന്നും മന്ത്രി ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തന്നെ പണം തട്ടിയെടുക്കുന്നതിന് നിരവധി വ്യാജ ആപ്ലിക്കേഷനുകള്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഗൃഹലക്ഷ്മി പദ്ധതിക്കായി 24,166 കോടി രൂപ നീക്കിവെച്ചതായി ഈ മാസം ആദ്യം അവതരിപ്പിച്ച ബഡ്ജറ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
إرسال تعليق