കൊച്ചി: 17കാരന് ബൈക്ക് ഓടിച്ചതിനു വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴയും ഒരുദിവസത്തെ വെറും തടവും ശിക്ഷവിധിച്ചു. വാഹന ഉടമയായ ആലുവ സ്വദേശി റോഷനെതിരെയാണ് സെഷൻ 180 പ്രകാരം 5000 രൂപയും 199 എ പ്രകാരം 25,000 രൂപ പിഴയും കോടതി സമയം തീരുന്നതുവരെ ഒരുദിവസം വെറും തടവും വിധിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത ആളിനെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, പിന്‍വശം കാണാനുള്ള ഗ്ലാസും ഇന്റിക്കേറ്ററും ഇല്ലാത്തതിന് 500 രൂപ വീതവും അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമെന്നിങ്ങനെയാണ് പിഴ. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ആലുവയിൽ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് സൂപ്പര്‍ ബൈക്കുമായി 17 കാരൻ പിടിയിലായത്.
വാഹനപരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഇതിനെ തുടർന്ന് വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്കും വാഹനത്തിന്റെ രജിസ്ട്രേഷന് ഒരു വര്‍ഷത്തേക്കും സസ്പെന്റ് ചെയ്തിരുന്നു. വാഹനം ഓടിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ നിയമ നടപടികള്‍ തുടരും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എസ്. ജയരാജ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.പി. ശ്രീജിത്, ടി.ജി. നിഷാന്ത്, ഡ്രൈവർ എം.സി. ജിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
إرسال تعليق