കൊച്ചി: “പോയാല്‍ ഒരു ലൈക്ക്, കിട്ടുക 150 രൂപ…’ സമൂഹമാധ്യമങ്ങളില്‍ കാണുന്ന ഇത്തരം വാഗ്ദാനത്തില്‍ വീണു പോകരുതെന്ന മുന്നറിയിപ്പുമായി പോലീസ്.
സമൂഹ മാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ലൈക്കും ഷെയറും കൂട്ടാന്‍ സഹായിക്കാം എന്ന വ്യാജേന എത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്.
ചെറിയ ഇരയെ ഇട്ടു വലിയ മീനിനെ പിടിക്കുക എന്ന തന്ത്രമാണ് ഇത്തരം തട്ടിപ്പുകാര്‍ പുറത്തെടുക്കുന്നത്.ആദ്യമാദ്യം ചെറിയ ജോലികള്‍ക്ക് തട്ടിപ്പുസംഘം അര്‍ഹിക്കുന്നതിനേക്കാള്‍ പ്രതിഫലം നല്‍കും.
പ്രതിദിനം 10,000 രൂപയില്‍ അധികം സമ്പാദിക്കാം എന്ന പരസ്യം നടത്തിയാണ് തട്ടിപ്പിന്റെ ആദ്യ ചുവടുവപ്പ് നടത്തുക. ഇതില്‍ ആകൃഷ്ടരായി വരുന്നവരെ ഒരു ലിങ്ക് വഴി ടെലിഗ്രാം പേജില്‍ എത്തിക്കുകയും അവിടെ നിങ്ങളുടെ ചിത്രങ്ങള്‍ക്കും റീല്‍സുകള്‍ക്കും ലൈക്, ഷെയര്‍ ചെയ്ത സ്ക്രീന്‍ ഷോട്ട് അയച്ചാല്‍ നിശ്ചിത തുക ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും.
രണ്ടാം ഘട്ടത്തില്‍ മറ്റൊരു ലിങ്ക് അയച്ചു തട്ടിപ്പുകാരുടെ ഒരു ഗ്രൂപ്പില്‍ എത്തിക്കും. അവിടെ തട്ടിപ്പുകാര്‍ തന്നെ പല പേരുകളില്‍ എത്തി അവര്‍ ചെറിയ തുകകള്‍ മുടക്കി ലക്ഷങ്ങള്‍ സമ്പാദിച്ച അനുഭവ കഥകള്‍ പങ്കുവയ്ക്കും.
വിശ്വാസ്യത ഊട്ടി ഉറപ്പിക്കാന്‍ തട്ടിപ്പുകാര്‍ അവരുടെ വെബ്സൈറ്റില്‍ മുടക്കിയ തുകയും ലഭിച്ച ലാഭവും കാണിക്കുകയും ചെയ്യും. ഇതൊക്കെ കണ്ട് ആകൃഷ്ടരാകുമ്പോഴായിരിക്കും അടുത്ത പണി വരുന്നത്.
വെറുതെ ഏതാനും ലൈക് ചെയ്താല്‍ അക്കൗണ്ടിലേക്കു പണം ഒഴുകും, പക്ഷേ ഒരു കാര്യം ചെയ്യണം. വരുമാനം ലഭിക്കാന്‍ അല്പം പണം മുടക്കേണ്ടി വരുമെന്ന സന്ദേശമായിരിക്കും അടുത്തതായി ലഭിക്കുന്നത്.
ഇങ്ങനെ പണം മുടക്കി മുതലും ലാഭവും ചേര്‍ന്ന് സൈറ്റില്‍ വലിയ തുകയായി മാറും. ഭീമമായ തുക തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് തട്ടിപ്പിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുന്നത്.
അതിനാല്‍ ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ സദാ ജാഗരൂകരായിരിക്കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
إرسال تعليق