Join News @ Iritty Whats App Group

ഡോക്ടറെന്ന വ്യാജേന 15ഓളം സ്ത്രീകളെ വിവാഹം ചെയ്ത ബെംഗളൂരു സ്വ​ദേശി പിടിയിൽ

ഡോക്റാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 15ഓളം സ്ത്രീകളെ വിവാഹം ചെയ്ത ബെംഗളൂരു സ്വ​ദേശി മൈസൂർ പോലീസിന്റെ പിടിയിൽ. ബെംഗളൂരു ബനശങ്കരി സ്വദേശി മഹേഷ് കെ ബി നായക് ആണ് അറസ്റ്റിലായത്. ഇയാൾ ഇം​ഗ്ലീഷ് സംസാരിക്കുന്ന രീതിയാണ് സംശയം ജനിപ്പിച്ചത്. മഹേഷിനെ ഞായറാഴ്ചയാണ് മൈസൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് 35 വയസാണ് പ്രായം.

2014ൽ മുതൽ ഇതുവരെയുള്ള കാലയളവിൽ ഡോ‌ക്റാണെന്നു പറ‍ഞ്ഞു പറ്റിച്ച് മഹേഷ് പതിനഞ്ചോളം സ്ത്രീകളെ വിവാഹം ചെയ്തെന്നും അവരുടെ പണവും ആഭരണങ്ങളുമായി മുങ്ങിയെന്നും പോലീസ് പറയുന്നു. ഈ വർഷം ആദ്യം മഹേഷ് വിവാഹം കഴിച്ച മൈസൂരു സ്വദേശിനിയായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുടെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പറ്റിക്കപ്പെട്ട മറ്റൊരു സ്ത്രീയും പരാതിയുമായി പോലീസിനെ സമീപിച്ചു.

മഹേഷിനെ കണ്ടെത്താൻ സിറ്റി പോലീസ് ഒരു സംഘം രൂപീകരിച്ചിരുന്നു. തുമാകുരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മഹേഷ് ഒരു വ്യാജ മാട്രിമോണിയൽ പ്രൊഫൈൽ ഉണ്ടാക്കിയിരുന്നു. ഇതിലും ഡോക്ടർ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. കൂടുതലാളുകളെ പറ്റിച്ച് പണം തട്ടാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത് എന്നും പോലീസ് പറഞ്ഞു.

തുമാകുരുവിൽ മഹേഷിന് ഒരു വ്യാജ ക്ലിനിക്കും ഉണ്ടായിരുന്നു. മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ഇവിടെ ഒരു നഴ്സിനെ നിയമിക്കുകയും ചെയ്തിരുന്നു. നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽ വീണെങ്കിലും, ഇംഗ്ലീഷ് സംസാരിക്കുന്നതു കേട്ടിട്ടാണ് ചിലർക്കെങ്കിലും സംശയം തോന്നിയത്. മോശം ഇം​ഗ്ലീഷ് കേട്ട് നിരവധി പേർ ഇയാളുടെ വിവാഹാഭ്യർത്ഥന നിരസിക്കുകയും ചെയ്തിരുന്നു.

മഹേഷ് 15 സ്ത്രീകളെ വിവാഹം കഴിച്ചതായും ഇവരിൽ നാലു മക്കൾ ഉള്ളതായും പോലീസ് പറയുന്നു. ഇയാൾ വിവാഹം ചെയ്തവരിൽ ഭൂരിഭാഗവും നല്ല വിദ്യാഭ്യാസം ഉള്ളവരുമാണ്. ഇവരെ വളരെ അപൂർവമായി മാത്രമാണ് മഹേഷ് കണ്ടുമുട്ടിയിരുന്നത്. ഇയാളെ വിവാഹം ചെയ്ത പലർക്കും തങ്ങൾ പറ്റിക്കപ്പെട്ടെന്ന് പിന്നീട് മനസിലായെങ്കിലും നാണക്കേടു മൂലം അതേക്കുറിച്ച് പുറത്തു പറയാതിരുന്നതാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group