അബുദാബി: യുഎഇയിലെ സന്ദര്‍ശക വിസ പുതുക്കാന്‍ ഇനി രാജ്യത്തിന് പുറത്തു പോകേണ്ടതില്ല. 30 ദിവസത്തേയും 60 ദിവസത്തേയും കാലാവധിയുള്ള സന്ദര്‍ശക വിസകളില്‍ യുഎഇയില്‍ എത്തിയ വിദേശികള്‍ക്ക് യുഎഇയില്‍ താമസിച്ചുകൊണ്ടുതന്നെ വിസാ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടാന്‍ കഴിയും. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് എന്നിവയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
നേരത്തെയും വിസകള്‍ രാജ്യത്തിന് പുറത്ത് പോകാതെ പുതുക്കാനുള്ള സൗകര്യം ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നു. നിലവില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് പ്രകാരം 30 ദിവസവും 60 ദിവസവും കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ 30 ദിവസത്തേക്ക് കൂടി നീട്ടാനാവും. ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി ദീര്‍ഘിപ്പിക്കാനാവുന്നത് 120 ദിവസം വരെയാണെന്നും അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തേക്ക് വിസ ദീര്‍ഘിപ്പിക്കാന്‍ ഏകദേശം 1150 ദിര്‍ഹമാണ് ചെലവ് വരുന്നതെന്ന് ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവന്നിട്ടുള്ള പ്രവാസികള്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം.
إرسال تعليق