ബംഗലുരു: യുവാവിന്റെ കഴുത്തുമുറിച്ചു രക്തം കുടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിന്താമണി താലൂക്കില്‍ നടന്ന സംഭവത്തില്‍ സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയും ഇത് കണ്ട് പോലീസ് കേസെടുക്കുകയുമായിരുന്നു.
ചിന്താമണി താലൂക്കിലെ ബട്‌ലാഹള്ളി സ്വദേശി വിജയ് എന്ന 32 കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ സൃഹൃത്തായ മാരേഷിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ജൂണ്‍ 19 ന് വിജയ് യും സഹായി ജോണ്‍ബാബുവും ചേര്‍ന്ന് മാരേഷിനെ ഒരു കാട്ടിലേക്ക് കൊണ്ടുപോകുകയും വിജയ് മാരേഷിന്റെ കഴുത്തുമുറിക്കുകയുമായിരുന്നു. കഴുത്തില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര വിജയ് കുടിക്കുകയും ചെയ്തു.
നാലു ദിവസം മുമ്പ് നടന്ന സംഭവം പുറത്തുവന്നത് വീഡിയോ പ്രചരിച്ചതോടെയാണ്. നിലത്തു കിടക്കുന്ന മാരേഷിന്റെ കഴുത്തില്‍ നിന്നും രക്തം ഒഴുകുന്നതും അരികില്‍ കുനിഞ്ഞിരുന്ന് ഒരാള്‍ രക്തം നക്കിക്കുടിക്കുന്നതുമാണ് വീഡിയോദൃശ്യം. ചോരയൊലിക്കുന്ന നിലയില്‍ ഇര വേദനകൊണ്ട് അലറിക്കരയുമ്പോള്‍ അക്രമി മര്‍ദ്ദിക്കുന്നതും കാണാം. കെഞ്ചാര്‍ലഹള്ളി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. അക്രമത്തിന് ഇരയായ മാരേഷ് ചേലൂര്‍ താലൂക്കിലെ മാടെമ്പള്ളി പ്രദേശവാസിയാണ്. മാരേഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ചികിത്സയില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
തന്റെ ഭാര്യയുമായി മാരേഷിന് ഉണ്ടായിരുന്ന അവിഹിതബന്ധത്തിന് വിജയ് പ്രതികാരം ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വിജയ് യും മാരേഷും തമ്മില്‍ വഴക്ക് പതിവാണെന്നാണ് വിജയ് യുടെ അയല്‍ക്കാര്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത് വിജയ് യുടെ ബന്ധുവും ബികോം വിദ്യാര്‍ത്ഥിയുമായ ജോണ്‍ബാബുവാണ്. ഇയാള്‍ ഒളിവിലാണ്. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടത്തുകയാണ്.
വിജയ് യുടെ കുടുംബം 30 വര്‍ഷം മുമ്പ് ആന്ധ്രയില്‍ നിന്നും കര്‍ണാടത്തില്‍ എത്തിയത്. ഭക്ഷ്യഎണ്ണയും പച്ചക്കറികളും മറ്റു അവശ്യവസ്തുക്കളും ഗ്രാമങ്ങള്‍ തോറും കൊണ്ടു നടന്നു വില്‍പ്പന നടത്തുന്ന വിജയ് കുടുംബമായി താമസിക്കുന്നത് മാണ്ഡ്യാമ്പേട്ടിലാണ്. വില്‍പ്പനയ്ക്കുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ വിജയ് വാടകയ്ക്ക് എടുത്തത് മാരേഷിന്റെ വാഹനമാണ്.
മാരേഷ് പിന്നീട് വിജയ് യുടെ ഭാര്യയുമായി അടുപ്പത്തിലായി. ഇരുവരും ഫോണിലൂടെ ചാറ്റിംഗും മറ്റും നടത്തുന്നത് കണ്ടെത്തിയ വിജയ് ഭാര്യയെ വിലക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പറയുകയും ചെയ്തു. എന്നിട്ടും തുടര്‍ന്നതോടെയാണ് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. ഒരു ഫാമിലേക്ക് ഓട്ടം പോകണമെന്ന് പറഞ്ഞു തന്റെ അനന്തരവന്‍ ജോണിനെക്കൊണ്ട് വിജയ് മാരേഷിനെ വിളിപ്പിച്ചു. സിഡ്ഡേപ്പള്ളിയില്‍ നിന്നും മാരേഷ് തനിച്ചും ജോണും വിജയ് യും ബൈക്കിലും പോയി.
പിന്നീട് ആളൊഴിഞ്ഞ ഇടത്തേക്ക് മാരേഷിനെ വിളിച്ചുവരുത്തിയ വിജയ് ഒരു ചെറിയ കത്തിയെടുത്ത് കഴുത്ത് മുറിക്കുകയായിരുന്നു. തുടര്‍ന്ന് ഒഴുകിവന്ന മാരേഷിന്റെ രക്തം വിജയ് നക്കിക്കുടിച്ചു. അനന്തരവനോട് ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെടുകയും വീഡിയോ ചിത്രീകരിച്ച ശേഷം മാരേഷിനെ മരിക്കാന്‍ വിട്ടിട്ട് ഇരുവരും രക്ഷപ്പെടുകയും ചെയ്തു. തക്ക സമയത്ത് ചികിത്സ കിട്ടിയതിനാല്‍ മാരേഷ് രക്ഷപ്പെട്ടു. എന്നാല്‍ പോലീസ് ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കുകയായിരുന്നു. ജോണിന് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്.
إرسال تعليق