ഇരിട്ടി: ആറളം ഫാമിൽ തീപൊള്ളലിൻ നിന്നും രക്ഷനേടാനായി കിണറ്റിൽ ചാടിയ ദമ്പതികളിൽ ഭാര്യക്ക് പിറകേ ഭർത്താവും മരിച്ചു. ഫാം 13-ാം ബ്ലോക്കിലെ സനിൽ എന്ന അജിത്ത് (30 ) ആണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. സനിലിന്റെ ഭാര്യ സുമി (26 ) കഴഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു.
വെള്ളിയാഴ്ച നടന്ന സംഭവം ആദ്യം ആത്മഹത്യയായിരുന്നു എന്നാണ് നാട്ടുകാർ കരുതിയത്. തീപൊളളലേറ്റ നിലയിൽ വീ്ട്ടുപറമ്പിലെ കണിറ്റിൽ ചാടിയ ഇരുവരേയും നാട്ടുകാരാണ് രക്ഷപ്പെടുത്തി പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചത്. സാരമായി പൊള്ളലേറ്റ സുമി ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും അത്യാസന്ന നിലയിലായിരുന്നു. രണ്ട് ദിവസത്തിനുശേഷം സുമി മരണത്തിന് കീഴടങ്ങി. കഴുത്തിന് താഴെ പൊള്ളലേറ്റ നിലയിലായിരുന്നു ഇരുവരും. അത്യാസന്ന നിലയിലായിരുന്ന സുമിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞില്ല. ആറളം പോലീസ് സനിലിന്റെ മൊഴിയെടുത്തപ്പോഴാണ് അബദ്ധത്തിൽ പൊള്ളലേറ്റതാണെന്ന് മനസ്സിലായത്.
അടുപ്പിൽ തീ കൊളുത്തുന്നതിനായി ഉണങ്ങിയ തെങ്ങോല കത്തിക്കുന്നതിനിടയിലാണ് തീപടർന്നത്. തെങ്ങോല മഴ നനഞ്ഞു കിടന്നതിനാൽ ആദ്യം തീപ്പെട്ടി ഉപയോഗിച്ച് കത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിനിടയിലാണ് നേരത്തെ മറ്റൊരാവശ്യത്തിനായി കൊണ്ടുവെച്ച പെട്രോളിന്റെ കാര്യം ഓർമ്മ വന്നത്. വിറക് ശേഖരിച്ച സ്ഥലത്ത് കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഉപയോഗിച്ച് കത്തിക്കാനുള്ള ശ്രമത്തിനിടയിൽ തീ ഇരുവരിലേക്കും പടർന്നു പിടിക്കുകയായിരുന്നു. തീപടർന്നതോടെ ഇരുവരും ആത്മരക്ഷാർത്ഥമാണ് കിണറ്റിലേക്ക് ചാടിയത്.
തില്ലങ്കേരി ഇല്ലം കോളനിയിൽ നിന്നും വള്ളിത്തോട് കോളനിയിൽ നിന്നും ഫാമിൽ തമാസമാക്കിയവരായിരുന്നു ഇരുവരും. ഫാമിൽ സുമിക്ക് ലഭിച്ച ഭൂമിയിൽ താമസിച്ച് വരികയായിരുന്നു. ചെറിയ പ്രായത്തിൽതന്നെ ഇരുവരും വിവാഹിതരായിരുന്നു. മൂത്ത മകൻ സുജിത്ത് നാലാം ക്ലാസുവരെ മാത്രമാണ് പഠിച്ചത്. ബന്ധുവിന്റെ വീട്ടിൽ നിന്നും ഡക്കറേഷൻ ജോലി ചെയ്തുവരുകയാണ്. എട്ടുവയസുകാരൻ അഭിജിത്ത് ഫാം സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. അഭിരാമി അങ്കണവാടിയിലും പോകുന്നു. മാതാപിതാക്കളുടെ മരണത്തോടെ ഇവരുടെ ഭാവി ചോദ്യചിഹ്നമായി മാറുകയാണ്.
കുട്ടികളുടെ സംരക്ഷണം ജില്ല ഭരണ കൂടം ഏറ്റെടുക്കണമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻര് കെ.വേലായുധൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഫാമിൽ മാതാപിതാക്കൾ മരണപെട്ടും ഉപേക്ഷിച്ച് പോയും അനാഥമാകുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണ്
إرسال تعليق