Join News @ Iritty Whats App Group

നവജാതശിശു കരയാതിരിക്കാൻ വായിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്സിന് സസ്പെൻഷൻ


മുംബൈ: മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞ് കരയാതിരിക്കാൻ നഴ്സ് ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചു. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ നഴ്സിനെ സസ്പെൻഡുചെയ്തു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ ജൂൺ രണ്ടിനായിരുന്നു സംഭവം. ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ ആൺകുഞ്ഞിന്റെ ചുണ്ടിലാണ് നഴ്സ് പ്ലാസ്റ്ററൊട്ടിച്ചത്. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു കുഞ്ഞ്.

രാത്രി മുലപ്പാൽ നൽകാൻ തീവ്രപരിചരണ വിഭാഗത്തിലേക്കുവന്ന അമ്മ പ്രിയ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. മുലപ്പാൽ നൽകണമെന്നും പ്ലാസ്റ്റർ നീക്കണമെന്നും നഴ്സിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അടുത്തദിവസം രാവിലെ എട്ടിനുവന്ന് മുലപ്പാൽ നൽകാനായിരുന്നു നിർദേശം.

രണ്ടുമണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണമെന്ന് ഡോക്ടർ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്സ് വഴങ്ങിയില്ല. രാത്രി ഒരുമണിയോടെ പ്രിയ വീണ്ടും ഇവിടെയെത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയിരുന്നില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു.

പിന്നീട് സ്ഥലം കോർപ്പറേറ്ററായ ജാഗൃതി പാട്ടീലിനെ വിവരമറിയിച്ചു. അവരെത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റർ മാറ്റുകയായിരുന്നു. കോർപ്പറേറ്റർ നൽകിയ പരാതിയിലാണ് ആശുപത്രി അധികാരികൾ നഴ്സിനെതിരേ നടപടിയെടുത്തത്.മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group