Join News @ Iritty Whats App Group

കൂട്ടാന്‍ കൊള്ളാമെന്ന് ഉറപ്പാക്കിയേ വാങ്ങാവൂ ; ട്രോളിംഗ് നിരോധനത്തിന് പിന്നാലെ വരുന്നത് പഴകിയ മീന്‍ ; കൂട്ടത്തില്‍ ആറുമാസം പഴക്കമുള്ളവ വരെ; കായല്‍, പുഴ വളര്‍ത്തുമത്സ്യങ്ങളും കുറഞ്ഞു




കോട്ടയം: മീന്‍കറിയില്ലാതെ ഒരു വറ്റിറങ്ങില്ലെന്നു പറയുന്നവരുടെ ശ്രദ്ധയ്ക്ക്... കൂട്ടാന്‍ കൊള്ളുന്നതെന്ന് ഉറപ്പാക്കിയേ മീന്‍ വാങ്ങാവൂ. ട്രോളിങ് നിരോധനം ആരംഭിച്ചതിനു പിന്നാലെ പല മാര്‍ക്കറ്റുകളിലും പഴകിയ മത്സ്യങ്ങളുടെ ചാകരയാണെന്നതാണു കാരണം. വാങ്ങി വീട്ടിലെത്തി കറിക്കായി ഒരുക്കുമ്പോള്‍ മാത്രമാകും മീന്‍ കൊള്ളില്ലെന്ന കാര്യം പലരും അറിയുക. ട്രോളിങ് നിരോധനത്തിനു ശേഷം വില കൂടിയതല്ലാതെ, പല കടകളിലും മീനുകള്‍ക്കൊന്നും കാര്യമായ ക്ഷാമം അനുഭപ്പെടുന്നില്ലെന്നു ഉപയോക്താക്കള്‍ക്കു തോന്നാന്‍ കാരണവും പഴകിയ മീനിന്റെ് വരവാണ്. രണ്ടാഴ്ച മുമ്പ്, അയ്മനത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് മീന്‍ കഴിച്ചതിനെത്തുടര്‍ന്നു ഭക്ഷ്യവിഷബാധയുണ്ടായിരുന്നു.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ മീന്‍ വ്യാപകമായി വരുന്നത്. ഇവിടെ, നിന്നുമെത്തുന്ന ഫ്രഷ് മീനിന്റെ മറവിലാണ് പഴകിയ മീനും അതിര്‍ത്തി കടക്കുന്നത്. മീനിന്റെ വില കുത്തനെ താഴ്ന്നു നില്‍ക്കുന്ന സമയങ്ങളില്‍ വാങ്ങി ഫ്രീസറില്‍ സൂക്ഷിക്കുന്ന മീനാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നതിലേറെയും. ആറുമാസം പഴക്കമുള്ള മീന്‍ വരെ എത്തുന്നതായാണു വിവരം.

ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ര്ട, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ വന്‍കിട മീന്‍ കച്ചവടക്കാര്‍ ഇത്തരത്തില്‍ മീന്‍ വാങ്ങി ദീര്‍ഘകാലം കേട് വരാതിരിക്കാന്‍ ചില രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് കോള്‍ഡ് സ്‌റ്റോറേജില്‍ സൂക്ഷിക്കുന്നതായി പ്രാദേശിക വ്യാപാരികള്‍ക്കും അറിയാം.

ട്രോളിങ്ങ് നിരോധനം ഉള്‍പ്പെടെ, ഇവിടെ മത്സ്യലഭ്യത കുറയുമ്പോള്‍ ഈ മീന്‍ ഇവിടേയ്‌ക്കെത്തും. വിലയില്‍ വലിയ വ്യത്യാസവുമുണ്ടാകും. സംസ്ഥാനത്തും ചില വ്യാപാരികള്‍ ഇത്തരത്തില്‍ മീന്‍ സൂക്ഷിച്ചു വലിയ വിലയ്ക്കു വില്‍ക്കുന്നുണ്ട്.ട്രോളിങ്ങ് നിരോധത്തിനു ശേഷം ചെറിയ വള്ളങ്ങള്‍ കടലില്‍ പോകുന്നുണ്ടെങ്കിലും മീന്‍ ലഭ്യത കുറവാണ്. മത്തിയുള്‍പ്പെടെയുള്ള മീനുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ മാര്‍ക്കറ്റില്‍ കാര്യമായി എത്തുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് നിലവില്‍ ചെറുമീനുകള്‍ ഏറെയുമെത്തുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group