ഇരിട്ടി: കൂട്ടുപുഴ വളവ്‌പാറയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കൂട്ടുപുഴ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് വളവുപാറയിലെ കുന്നുമ്മൽ കുഞ്ഞാമിനയുടെ വീട്ടിലേക്ക് മറിഞ്ഞത്. റോഡിൽ നിന്നും താഴ്ന്നുകിടക്കുന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്തിരുന്നത്. മേൽക്കൂരയോട് ചേർന്ന് സ്ഥാപിച്ച കുടിവെള്ള ടാങ്ക് ഇടിച്ചു തകർത്ത കാർ മേൽക്കൂരയുടെ ഒരു ഭാഗവും തകർത്ത ശേഷം വരാന്തയിലേക്ക് വീഴുകയായിരുന്നു. വീടിൻറെ വരാന്തയിലെ ഭിത്തിയും തകർന്നു. ഈ സമയം വീട്ടിൽ കുഞ്ഞാമിന ഉൾപ്പെടെ നാലു പേരുണ്ടായിരുന്നു. വീടിൻ്റ വരാന്തയിൽ ഉണ്ടായിരുന്ന കുഞ്ഞാമിനയുടെ ചെറുമകൻ അജ്‌നാസ് വലിയ ശബ്ദം കേട്ട് അകത്തേക്ക് ഓടിക്കയറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പേരട്ട സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉള്ളവർക്ക് നിസാര പരിക്കേറ്റു. സംഭവമറിഞ്ഞ് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ എ.സി. ഷീബ ഉൾപ്പെടെയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.
إرسال تعليق