Join News @ Iritty Whats App Group

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്ന് പരാതി; പാലക്കാട് പാലന ആശുപത്രിക്കെതിരെ കേസെടുത്തു

പാലക്കാട്: പാലക്കാട് പാലന ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതിയില്‍ പാലന ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 337 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ പിഴവ് ഉണ്ടായിട്ടില്ലെന്നും അമിത രക്തസ്രാവം തടയാനായി വെച്ച ജെൽ ഫോം ആണിതെന്നാണ് ഡോക്ടറുടെ വിശദീകരണം.

ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചെന്നുമാണ് ഷബാന പറയുന്നത്. എന്നാല്‍, പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നാണ് ഡോക്ടര്‍ അറിയിച്ചത്. ഇന്നലെയാണ് ഷബാന ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയത്. ഇന്നലെ രാവിലെ മൂത്രമൊഴിച്ചപ്പോൾ പഞ്ഞി പുറത്ത് വരികയായിരുന്നു. അതേസമയം, യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ, ഇക്കാര്യം ഡോക്ടർ അറിയിച്ചില്ലെന്നാണ് ഷബാനയുടെ കുടുംബം പറയുന്നത്.

സംഭവത്തില്‍ ആരോഗ്യമന്ത്രി, പാലക്കാട് എസ്പി ഡിഎംഎഒ, ജില്ലാ കളക്ടർ എന്നിവർക്ക് ഷബാന പരാതി നൽകിയിട്ടുണ്ട്. അതേസമയം, പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന അമിത രക്തസ്രാവം തടയാൻ ഡോക്ടർമാർ ജെൽ ഫോം വെക്കാറുണ്ട്. ഇത് സ്വയം അലിഞ്ഞ് പോവുകയോ ശരീരത്തിന് പുറത്തേക്ക് വരികയോയാണ് ചെയ്യാറുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. പഞ്ഞിയുടെ രൂപത്തിലാണ് ജെൽ ഫോം സാധാരണ പുറത്തേക്ക് വരാറുള്ളതെന്നും വിദഗ്ധ ഡോക്ടർമാർ വ്യക്തമാക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group