Join News @ Iritty Whats App Group

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം; നാല് ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത



ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ, കേരളത്തിൽ ഇന്ന് മുതൽ അടുത്ത നാല് ദിവസം വ്യാപകമായ ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിനാൽ വരും ദിവസങ്ങളിൽ കേരളത്തിൽ കാലവർഷം ശക്തമായേക്കും. 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 25ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കേരളത്തിൽ ഇക്കുറി 62% കുറവുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

ജൂൺ 28 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയെക്കുറിച്ച് കാലാവസ്ഥാ പ്രവചനകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്.

ജൂൺ 27ന് ഇടുക്കിയിൽ യെല്ലോ അലർട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂവെങ്കിലും, ജില്ലയിൽ ഓറഞ്ച് അലർട്ടിന് തുല്യമായ 204.4 മില്ലിമീറ്റർ വരെയുള്ള അതിശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരള-കർണാടക തീരത്ത് ജൂൺ 28 വരെയും ലക്ഷദ്വീപിൽ ജൂൺ 27 വരെയും 40-45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വേഗതയിലും മോശം കാലാവസ്ഥയും കാറ്റും പ്രതീക്ഷിക്കാമെന്നും അറിയിപ്പുണ്ട്.

അതുപോലെ, ജൂൺ 28 വരെ മാന്നാർ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ബംഗാൾ ഉൾക്കടലിന്റെ മധ്യ-പടിഞ്ഞാറൻ മേഖല, ഉൾക്കടലിന്റെ പടിഞ്ഞാറൻ മേഖല, ശ്രീലങ്കൻ തീരത്ത് ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ മേഖല, ബംഗാൾ ഉൾക്കടലിന്റെ മധ്യ-തെക്കുകിഴക്കൻ പ്രദേശം തുടങ്ങിയ ഇടങ്ങളിൽ ജൂൺ 28 വരെ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ഈ മേഖലകളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group