മട്ടന്നൂർ: നെല്ലൂന്നിയിൽ കോളജ് വിദ്യാർഥിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. നെല്ലൂന്നി സ്വദേശി എം.വി. വൈശാഖ്, പെരിഞ്ചേരി സ്വദേശി വി. ജ്യോതിഷ് എന്നിവരെയാണു മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് ഒരു വടിവാളും ഇരുമ്പ് പൈപ്പും പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നെല്ലൂന്നി-ബാവോട്ടുപാറ റോഡിൽ കോളജ് വിദ്യാർഥിയായ താഴെ പഴശിയിലെ അജ്മലിനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്.
കോളജ് വിട്ട് വൈകുന്നേരം അഞ്ചോടെ ബൈക്കിൽ വീട്ടിലേക്കു പോവുകയായിരുന്ന അജ്മലിനെ മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗ സംഘം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അജ്മലിനെ ബൈക്കിൽ നിന്നു ചവിട്ടി താഴെയിട്ട സംഘം കൈവശമുണ്ടായ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ അജ്മലിന് കാലിനു പരിക്കേറ്റതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
അജ്മലിന്റെ പരാതിയിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണു രണ്ടുപേർ പിടിയിലായത്. മട്ടന്നൂർ സിഐ കെ.വി. പ്രമോദൻ, പ്രിൻസിപ്പൽ എസ്ഐ യു.കെ. ജിതിൻ, എസ്ഐ പി.പി. അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ നെല്ലൂന്നിയിൽ വച്ച് ഓടിച്ചിട്ടു പിടികൂടിയത്.
പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ജ്യോതിഷിന്റെ വീടിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.
إرسال تعليق