തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിയമപ്രകാരമുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ആധികാരികരേഖയാക്കി ഉത്തരവിറക്കിയെന്ന് മന്ത്രി ആര്‍ ബിന്ദു. ഭിന്നശേഷി അവകാശനിയമപ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിനാണ് യുഡിഐഡി കാര്‍ഡ് ആധികാരിക രേഖയാക്കി ഉത്തരവായത്. ചില സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും യുഡിഐഡി കാര്‍ഡ് ആധികാരികരേഖയായി അംഗീകരിക്കുന്നില്ലെന്ന വ്യാപക പരാതിയുടെ സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്ന് മന്ത്രി അറിയിച്ചു.
കാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് നിലവിലെ ഉത്തരവുകള്‍ പ്രകാരമുള്ള രേഖകള്‍ മതിയെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തുന്ന മെഡിക്കല്‍ ബോര്‍ഡ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതു ആധികാരികരേഖയായി സ്വീകരിക്കണമെന്ന് നിലവില്‍ ഉത്തരവുണ്ട്. ഇവര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കായി ഭിന്നശേഷിത്വം തെളിയിക്കാന്‍ മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഒഴിവാക്കണമെന്നും മുന്‍ ഉത്തരവില്‍ വ്യക്തമാക്കിയത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി. നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ എല്ലാ വകുപ്പു മേധാവികളും അവര്‍ക്കു കീഴിലെ ഓഫീസര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
إرسال تعليق