ന്യുഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുന്‍ റെയില്‍വേ മന്ത്രികൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പൊള്ളയായ അവകാശവാദങ്ങള്‍ എല്ലാം തെളിയുന്നതാണ് അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറയുന്നു. റെയില്‍വേ ജീവനക്കാരുടെ ഒഴിവുകള്‍, സിഗ്നല്‍ സംവിധാനത്തിലെ പോരായ്മകള്‍, സുരക്ഷയിലെ വീഴ്കള്‍ എല്ലാം നാല് പേജുള്ള കത്തില്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.
ഒഡീഷയിലെ ദുരന്തം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. സുരക്ഷ സംബന്ധിച്ച റെയില്‍വേമന്ത്രിയുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തുറന്നുകാട്ടപ്പെട്ടു. റെയില്‍വേ ബജറ്റിനെ കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ചതും റെയില്‍വേയുടെ കുത്തക തകര്‍ത്ത് സ്വകാര്യവത്കരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതുമെല്ലാം അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തുന്നു.
തെറ്റുകള്‍ സമ്മതിക്കാന്‍ താങ്കളും റെയില്‍വേ മന്ത്രിയും തയ്യാറാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. അപകടത്തിന്റെ മൂലകാരണം കണ്ടെത്തിയെന്ന് റെയില്‍വേമന്ത്രി പറയുന്നു. എന്നിട്ട്, സിബിഐ അന്വേഷണം വേണമെന്നും പറയുന്നു. സിബിഐ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ്. റെയില്‍വേ അപകടങ്ങളല്ല. സിബിഐ എന്നല്ല ഒരു അന്വേഷണ ഏജന്‍സിക്കും രാഷ്ട്രീയ, സാങ്കേതിക, അധികാര കേന്ദ്രങ്ങളലെ പരാജയത്തിന്റെ ഉത്തരവാദിത്തം എടുത്തുകാണിക്കാന്‍ പറ്റില്ല. മാത്രമല്ല, റെയില്‍വേ സുരക്ഷ, സിഗ്നല്‍, മറ്റ് വിഷയങ്ങളൊക്കെ പരിശോധിക്കാന്‍ അവര്‍ക്ക് സാങ്കേതിക വിദഗ്ധരില്ല- ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.
റെയില്‍വേയില്‍ മൂന്ന് ലക്ഷത്തിലേറെ ജീവനക്കാരുടെ ഒഴിവുകള്‍ ഉണ്ട്. അപകടമുണ്ടായ ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ മാത്രം 8,000 ഒഴിവുകളുണ്ട്. നിയമനങ്ങള്‍ നടത്തേണ്ട സമിതിയുടെ ഭാഗത്തുനിന്നുള്ള അവജ്ഞയും താല്‍പര്യക്കുറവുമാണ് ഇതിനു കാരണം. 2017 മുതല്‍ 2021 വരെ പാളംതെറ്റി പത്ത് അപകടങ്ങള്‍ ഉണ്ടായി. എന്നാല്‍ ഈ കാലയളവിലൊന്നും ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ സുരക്ഷ പരിശോധനകളൊന്നും നടന്നിട്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തുന്നു.
നേരത്തെ ദുരന്തത്തില്‍ അപലപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദുരന്ത സമയത്ത രാഷ്ട്രീയം കളിക്കുകയല്ല, ഇരയായവരുടെ കുടുംബത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ വിശദീകരണം.
إرسال تعليق