തിരുവന്തപുരം: സ്കൂളിലെ കിണർ വൃത്തിയാക്കാൻ ആളെ കിട്ടാതെ വന്നതോടെ ജോലി സ്വയം ഏറ്റെടുത്ത ബാലുശേരി ഗവ. സ്കൂളിലെ അധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബാലുശ്ശേരി എരമംഗലം ജി എൽ പി എസ്സിലെ അധ്യാപികരമായ . സിൽജ ടീച്ചറും ധന്യ ടീച്ചറുമാണ് കിണറ്റിലിറങ്ങി വൃത്തിയാക്കിയത്. അഭിനന്ദനമർഹിക്കുന്ന സേവനമാണ് ഇരുവരുടേതുമെന്ന് മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പ്രവേശനോത്സവത്തിന്റെ തലേദിവസമാണ് ഒരു തുള്ളി വെള്ളമില്ലാതെ മണ്ണും ചെളിയും നിറഞ്ഞ കിണർ വൃത്തിയാക്കാൻ അധ്യാപികർ തന്നെ മുന്നിട്ടിറങ്ങിയത്. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾക്കായി ബുധനാഴ്ച്ച സ്കൂളിലെത്തിയപ്പോഴാണ് കിണറ്റിൽ വെള്ളമില്ലെന്നത് അധ്യാപകർ ശ്രദ്ധിച്ചത്.
കിണർ വൃത്തിയാക്കാൻ പലരേയും വിളിച്ചെങ്കിലും ആരേയും കിട്ടിയില്ല. വെള്ളമില്ലാതെ എന്ത് ചെയ്യുമെന്ന ബേജാറിനിടെയാണ് അധ്യാപികമാർ സന്നദ്ധരായതെന്ന് പ്രധാനധ്യാപകന്റെ ചുമതലയുള്ള എസ് സജിത്ത് പറയുന്നു.
അങ്ങനെ, സിൽജ ടീച്ചറും ധന്യ ടീച്ചറും കിണറ്റിലും പ്രധാനാധ്യാപകനും അധ്യാപകരായ ഹബീബ, പ്രളിത, ജസ്‌ന, അനീഷ എന്നിവർ പുറത്തും ജോലി തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ കിണർ വൃത്തിയാക്കി രണ്ടുപേരും പുറത്തേക്കിറങ്ങി. അധ്യാപകരുടെ പ്രവർത്തി സാമൂഹ്യമാധ്യമങ്ങളിലും വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
നാല് പടവുള്ള കിണറിൽ ഏണി വെച്ചാണ് അധ്യാപികമാർ ഇറങ്ങിയത്.
إرسال تعليق