Join News @ Iritty Whats App Group

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു


കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം. 

ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക.  

സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജ​ഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം.

Post a Comment

أحدث أقدم
Join Our Whats App Group