തിരുവനന്തപുരം: കുണ്ടമൺകടവിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മലയിൻകീഴ് ശങ്കരമംഗലം റോഡിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യയെ ഭർത്താവായ പ്രശാന്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രശാന്ത് കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ വിദ്യയെ താൻ മർദ്ദിച്ചുവെന്നാണ് പ്രശാന്ത് വ്യക്തമാക്കിയത്. തലക്കും അടിവയറ്റിനും ക്രൂരമായ മർദ്ദനമേറ്റതാണ് വിദ്യയുടെ മരണത്തിലേക്ക് നയിച്ചത്. പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി വിദ്യ ശുചിമുറിയിൽ വീണ് മരിച്ചെന്നായിരുന്നു ഭർത്താവ് പ്രശാന്ത് ആദ്യം പറഞ്ഞത്. സംഭവം നടക്കുമ്പോൾ ദമ്പതികളുടെ മൂത്ത മകനും വീട്ടിലുണ്ടായിരുന്നു. പ്രശാന്തിന്റെ മൊഴിയിൽ പൊലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ വീട്ടിലെ ശുചിമുറിയിലാണ് വിദ്യയുടെ മൃതദേഹം കിടന്നിരുന്നത്. വിവരം വിദ്യയുടെ അച്ഛനാണ് പൊലീസിനെ അറിയിച്ചത്.
താൻ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മ ക്ഷീണിതയായി മുറിയിൽ കിടക്കുന്നത് കണ്ടുവെന്നാണ് മകന്റെ മൊഴി. പിന്നീട് ടിവി കാണാൻ പോയെന്നും അതിനുശേഷം വൈകുന്നേരം അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെന്നും സമീപത്ത് അച്ഛൻ ഇരിക്കുകയായിരുന്നുവെന്നും മകൻ പറഞ്ഞതായാണ് വിദ്യയുടെ കുടുംബം പറയുന്നത്. വിദ്യയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതൽ പരിശോധനക്ക് ശേഷമേ സംഭവത്തിൽ കൃത്യതയുണ്ടാവൂ. സ്ഥലത്ത് ഫോറൻസിക് പരിശോധനയും നടത്തി.
പ്രശാന്തിന്റെ മൊഴി അവിശ്വസിച്ച വിദ്യയുടെ അച്ഛൻ കൊലപാതകമാണെന്ന സംശയം ഉയർത്തിയിരുന്നു. വിദ്യയെ പ്രശാന്ത് നിരന്തരം ശല്യം ചെയ്യാറുണ്ടെന്നാണ് അച്ഛൻ പൊലീസിനെ അറിയിച്ചത്. ഇതിന്റെ പേരിൽ പ്രശാന്തിനെതിരെ കേസുകളും നിലവിലുണ്ട്. മകളെ ഉപദ്രവിച്ച കേസിൽ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ സ്റ്റേഷനിൽ വിളിപ്പിച്ച് പൊലീസ് താക്കീത് നൽകിയിരുന്നുവെന്നും അതിനാൽ വിദ്യ കൊല്ലപ്പെട്ടതാവാൻ സാധ്യതയുണ്ടെന്നും അച്ഛൻ പറഞ്ഞു. വിദ്യ ശുചിമുറിയിൽ വീണതാണെങ്കിൽ പ്രശാന്ത് ആംബുലൻസ് വിളിക്കുകയോ തന്നെ വിളിക്കുകയോ ചെയ്യുമായിരുന്നില്ലേ എന്നും അച്ഛൻ ചോദിച്ചിരുന്നു.
إرسال تعليق