കണ്ണൂര്‍: എലത്തൂര്‍ ട്രെയിൻ തീവെപ്പ് സംഭവത്തിന്റെ ഞെട്ടല്‍മാറും മുമ്ബേ അതേ ട്രെയിനിന്റെ കോച്ചിന് തീയിട്ടതോടെ പ്രചരിച്ചത് വൻ കഥകള്‍.
കേരളത്തില്‍ ഭീകരവാദം പിടിമുറുക്കിയെന്ന വിധത്തില്‍ വിഷയം ഏറ്റെടുത്ത് ബി.ജെ.പി നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നു.
പതിവുപോലെ വിദ്വേഷ പ്രതികരണങ്ങളും പ്രസ്താവനകളും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു. കാസര്‍കോട് സ്ഫോടക വസ്തുശേഖരം പിടിച്ചെടുത്തതു മുതല്‍ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞതുവരെ സമൂഹ മാധ്യമങ്ങളില്‍ കമന്റുകളായി. എലത്തൂരില്‍ മൂന്നുപേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസിന്റെ ബോഗികള്‍ സീല്‍ചെയ്ത് സൂക്ഷിച്ച പാളത്തിനു സമീപമാണ് അതേ ട്രെയിനിന്റെ ഒരു കോച്ച് പൂര്‍ണമായി കത്തിനശിച്ചത്. എലത്തൂരിലേതിനു സമാനമായി ഇന്ധന സംഭരണശാലയുടെ സമീപമാണ് പുതിയ തീവെപ്പും.
കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പിയും കേന്ദ്രസര്‍ക്കാറിന്റെ വീഴ്ചയെന്ന് സി.പി.എമ്മും പരസ്പരം പഴിചാരി. സംസ്ഥാന പൊലീസ് അന്വേഷണത്തിനു സമാന്തരമായി എൻ.ഐ.എയും പ്രാഥമിക അന്വേഷണം തുടങ്ങി. എൻ.ഐ.എ സംഘം കണ്ണൂരിലെത്തി സ്ഥിതിഗതികള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു. എലത്തൂര്‍ തീവെപ്പില്‍ കേസ് എൻ.ഐ.എക്ക് വിടുന്നതിനു മുമ്ബേ സംഘം തീയിട്ട ബോഗികള്‍ സന്ദര്‍ശിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനു സമീപത്തെ ബി.പി.സി.എല്ലിന്റെ ഇന്ധന സംഭരണ കേന്ദ്രത്തിന്റെ സി.സി.ടി.വിയില്‍ കണ്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗാള്‍ സ്വദേശിയായ പ്രതി വ്യത്യസ്ത പേരുകളാണ് ആദ്യം പൊലീസിന് മൊഴി നല്‍കിയത്. ഉടൻ തന്നെ അന്വേഷണ സംഘത്തിലെ സി.ഐ. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയിലേക്ക് തിരിച്ചു. പ്രതി പറഞ്ഞ വിലാസം ഉറപ്പാക്കിയ സംഘം പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും ചോദിച്ചറിഞ്ഞു.
പ്രതിയുടെ പേരും വിലാസവുമെല്ലാം പുറത്തുവന്നതോടെ വലിയ കെട്ടുകഥകള്‍ക്കാണ് തിരശ്ശീല വീണത്. എലത്തൂര്‍ സംഭവവുമായി ബന്ധമില്ലെന്നും മാനസിക രോഗിയാണെന്നുമാണ് പൊലീസ് വിശദീകരിച്ചത്. അതിനിടെ, രാത്രി വൈകി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കി.
إرسال تعليق