Join News @ Iritty Whats App Group

മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം: വിശദമായ അന്വേഷണം വേണമെന്ന് മരിച്ച യുവാവിന്റെ അമ്മ


കൊച്ചി: മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം നടത്തിയെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരിച്ച യുവാവിന്റെ അമ്മ ഓമന. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഓമനയുടെ പ്രതികരണം. വാഹനാപകടത്തില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി എബിന്‍ എന്ന യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി.

എബിന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് അമ്മ ഓമന ആവശ്യപ്പെട്ടു. കോടതി ഉത്തരവിന് പിന്നാലെയാണ് ഓമനയുടെ പ്രതികരണം. മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായത് അവന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ്. മറ്റൊരാള്‍ക്ക് സഹായമാകട്ടെയെന്ന് കരുതിയെന്നും ഓമന പറഞ്ഞു.

എന്നാല്‍ തന്നെ പറ്റിക്കുകയായിരുന്നോ എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സംശയിക്കുന്നത്. അന്ന് താന്‍ മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ഇത്തരമൊരു അവസ്ഥ ഇനി മറ്റൊരാള്‍ക്കും സംഭവിക്കരുതെന്നും ഓമന പ്രതികരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിയായിരുന്നു 18കാരനായ വിജെ എബിന്‍. 2009 നവംബര്‍ 29നാണ് എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയലേക്ക് മാറ്റിയതിന്റെ പിറ്റേ ദിവസമാണ് എബിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നാലെ യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. എന്നാല്‍ എബിനെ ആശുപത്രി അധികൃതര്‍ മരണത്തിന് വിട്ട് കൊടുക്കുകയായിരുന്നു എന്ന് ആരോപിച്ച് ഡോ. ഗണപതി കോടതിയെ സമീപിക്കുകയായിരുന്നു. രക്തം തലയില്‍ കട്ട പിടിച്ചാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സ എബിന് ലഭ്യമാക്കിയില്ലെന്ന് ഡോ. ഗണപതി ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group