ഇടുക്കി: തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽ അസർ എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ ആർ അരുൺ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് അരുൺ രാജ്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ ഇന്നലെ രാത്രിയോടെ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മരിക്കുമെന്ന സൂചനകളോടെ അരുൺ രാജ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതായും ഇത് ശ്രദ്ധയിൽ പെട്ട സുഹൃത്തുക്കൾ വിവരമറിയിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മികച്ച വിദ്യാർത്ഥിയായിരുന്നു അരുൺ രാജെന്നും, ആത്മഹത്യ ചെയ്ത സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും അൽ അസർ കോളേജ് അധികൃതരും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ശ്രദ്ധയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയാണ്.
إرسال تعليق