ചെറുതോണി: മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ അരിക്കൊമ്പനോടുള്ള സ്‌നേഹം മൂത്ത് അരിക്കൊമ്പന്റെ എട്ടടി ഉയരമുള്ള പ്രതിമ നിര്‍മിച്ച് കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി ബാബു. വെട്ടികാട്ടില്‍ ബാബു കൊക്കോ വ്യാപാരം നടത്തുന്ന ആളാണ്.
തന്റെ വ്യാപാര സ്ഥാപനത്തിന്റെ മുന്‍പിലാണ് എട്ടടി ഉയരമുള്ള അരിക്കൊമ്പന്‍ പ്രതിമ നിര്‍മിച്ചത്. പുന്നയാര്‍ സ്വദേശിയായ ബിനു എന്ന വ്യക്തിയാണ് ശില്പത്തിന്റെ നിര്‍മാതാവ്. വ്യത്യസ്തമായ അരികൊമ്പന്‍ സ്‌നേഹം കൊണ്ടാണ് രണ്ടുലക്ഷം രൂപ മുടക്കി ഇത്തരം ഒരു പ്രതിമ നിര്‍മിക്കുവാന്‍ ബാബുവിനെ പ്രേരിപ്പിച്ചത്.
മൂന്നാര്‍ 301 കോളനിയില്‍ ബാബു അഞ്ചുവര്‍ഷം മുമ്പ് ഇഞ്ചി കൃഷി നടത്തിയിരുന്നു. ആ സമയത്ത് അതുവഴിവന്ന അരിക്കൊമ്പന്‍ ഇഞ്ചിക്കൃഷി ചവിട്ടിമെതിച്ച് നശിപ്പിച്ചു. എന്നാല്‍ അരിക്കൊമ്പന്റെ ചവിട്ടേറ്റ ഇഞ്ചി കൂടുതല്‍ കരുത്തോടെ വളര്‍ന്നുവരികയും കൂടുതല്‍ വിളവ് ലഭിക്കുകയും ചെയ്തുവെന്നാണ് ബാബു പറയുന്നത്. ഇതാണ് ബാബുവിന് അരിക്കൊമ്പനോട് സ്‌നേഹവും ആദരവും ഉണ്ടാവാന്‍ കാരണം.
കാട്ടിലൂടെ തന്റെ കുടുംബത്തെയും കുട്ടികളെയും തേടി അലഞ്ഞുനടക്കുന്ന അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ എത്തിക്കണമെന്നാണ് നിരവധിപേര്‍ ആവശ്യപ്പെടുന്നത്. ബാബു നിര്‍മിച്ച അരിക്കൊമ്പന്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടാണ് നില്‍ക്കുന്നത്. അരിക്കൊമ്പനെ കാണുവാനും സമീപത്തുനിന്ന് ഫോട്ടോ എടുക്കുവാനും നിരവധിപേര്‍ ബാബുവിന്റെ സ്ഥാപനത്തിലേക്ക് എത്തുന്നുണ്ട്.
إرسال تعليق