അഹമ്മദാബാദ്: അതിശക്ത ചുഴലിക്കാറ്റായി പരിണമിച്ച ബിപര്‍ജോയ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇതിന്റെ ഫലമായി ദ്വാരകയില്‍ കടല്‍ക്ഷോഭവും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 15 ന് ബിപര്‍ജോയ് സൗരാഷ്ട്ര-കച്ച് മേഖലയിലെത്തും എന്നാണ് അനുമാനം. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സൗരാഷ്ട്ര-കച്ച് തീരത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
വരും മണിക്കൂറുകളില്‍ കനത്ത മഴയും 150 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്ന് വളരെ പ്രക്ഷുബ്ധമാകുന്ന കടലില്‍ നാളെയോടെ ഉയര്‍ന്ന തിരമാലകള്‍ അനുഭവപ്പെടും.ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണം എന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ കച്ച് ജില്ലാ ആസ്ഥാനമായ ഭുജിലേക്ക് എത്തുന്നുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 67 ട്രെയിനുകള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു. അതേസമയം, ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ടെലിഫോണില്‍ സംസാരിച്ചു.
അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ 7500 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. തീരപ്രദേശത്തെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ബിപര്‍ജോയ് ജൂണ്‍ 16 ന് തെക്ക്-പടിഞ്ഞാറന്‍ രാജസ്ഥാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്.
രാജസ്ഥാനിലേയും ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തെക്ക്-പടിഞ്ഞാറന്‍ രാജസ്ഥാനിലേക്ക് ന്യൂനമര്‍ദമായാണ് ബിപര്‍ജോയ് പ്രവേശിക്കുക. അതിനിടെ ബിപര്‍ജോയ് ചുഴലിക്കാറ്റിന്റെ ഫലമായി മുംബൈയില്‍ ഉയര്‍ന്ന തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്നുണ്ട്. നിലവില്‍ മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ആണ് ബിപര്‍ജോയ് ഉള്ളത്. ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് ദിശ മാറി അതിവേഗം കരയിലെത്തും.
إرسال تعليق