കോട്ടയം: കാറില്‍ പോകുമ്പോള്‍ യാത്രക്കാരന്‍ കൈ ഒന്നു പൊക്കിയതിന് എ.ഐ. കാമറയുടെ വക പിഴ നോട്ടീസ്. കോട്ടയം മൂലവട്ടം സ്വദേശിയായ ഷൈനോയ്ക്കാണ് വ്യാഴാഴ്ച നോട്ടീസ് ലഭിച്ചത്. ബുധനാഴ്ച കായംകുളം റൂട്ടില്‍ പോകുന്നതിനിടെയാണു വാഹനം എ.ഐ ക്യാമറയുടെ പിടിയില്‍ കുടുങ്ങിയത്. ഷൈനോയുടെ ഉടമസ്ഥതയിലുള്ള കാര്‍ സര്‍വീസ് ചെയ്യുന്നതിനായി സഹോദരന്‍ കൊണ്ടു പോയിരുന്നു.
ഈ സമയം ഒപ്പമുണ്ടായിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നായിരുന്നു എ.ഐ ക്യാമറയുടെ കണ്ടെത്തല്‍. അറിയിപ്പിനൊപ്പം ലഭിച്ച ഫോട്ടോ പരിശോധിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ ഫോട്ടോഎടുത്ത സമയത്ത് താടി ചൊറിയുന്നതാണെന്നു കണ്ടെത്തി. കൈയുയര്‍ത്തിയപ്പോള്‍ എ.ഐ. ക്യാമറയ്ക്കു മുന്നില്‍ ഇദ്ദേഹത്തിന്റെ സീറ്റ് ബെല്‍റ്റ് ഭാഗികമായി മറഞ്ഞു. ഇതോടെ പിഴ ചുമത്തുകയായിരുന്നു.
നിജസ്ഥിതി മനസിലാക്കിയ ഷൈനോ കോട്ടയം മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ എ.ഐ ക്യാമറയിലാണു ദൃശ്യങ്ങള്‍ പതിഞ്ഞതെന്നതിനാല്‍ അവിടെ ബന്ധപ്പെടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന് അറിയിച്ച എ.ഐ ക്യാമറയുടെ ചുമതലക്കാരി ഷൈനോയുടെ പരാതി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ചെല്ലാന്‍ ലഭിക്കുമെന്നും ഇവര്‍ അറിയിച്ചു. പിഴ അടയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണു ഷൈനോ ഇപ്പോള്‍.
അതിനിടെ വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ.ഐ. ക്യാമറ വണ്ടി ഇടിച്ചു തകര്‍ന്നനിലയില്‍ . കഴിഞ്ഞ രാത്രി 11 മണിയോടെയാണ് സംഭവം. വാഹനം ഇടിച്ച് ക്യാമറയും ക്യാമറ സ്ഥാപിച്ച പോസ്റ്റും മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തകര്‍ന്ന് പോസ്റ്റ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാണപ്പെട്ടത്. മനപ്പൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്നു സംശയിക്കുന്നു. ഇടിച്ച വാഹനത്തിന്റെ പുറകിലെ ഗ്ലാസ് പൊട്ടി സമീപത്തു കിടക്കുന്ന നിലയിലാണ്. പൊട്ടിയ ഗ്ലാസുകള്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പെറുക്കി ചേര്‍ത്തുവച്ചപ്പോള്‍ സിദ്ധാര്‍ത്ഥ് എന്ന പേരു ലഭിച്ചിട്ടുണ്ട്. ഇടിച്ച വാഹനത്തെ കുറിച്ചു ചില സൂചനകള്‍ ലഭിച്ചതായി വടക്കഞ്ചേരി പോലീസ് അറിയിച്ചു.
إرسال تعليق