അബുദാബി: അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടം നിയന്ത്രണ വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സുല്‍ത്താന്‍ ബിന്‍ സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റില്‍ അല്‍ ഫലാഹ് പ്ലാസയ്ക്ക് പിന്നിലുള്ള റസ്റ്റേറന്റിലാണ് ഗ്യാസ് പൈപ്പില്‍ ചോര്‍ച്ചയുണ്ടായത്. അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും ഉടന്‍ തന്നെ സ്ഥലത്തെത്തി ചോര്‍ച്ച നിയന്ത്രണ വിധയമാക്കി. റസ്റ്റോറന്റിലെ ഗ്ലാസ് കൊണ്ട് നിര്‍മിച്ച മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു. രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റതിനെ തുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായി അബുദാബി പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കായി ഔദ്യോഗിക വാര്‍ത്താ സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും പൊലീസ് ആവശ്യപ്പെട്ടു.
إرسال تعليق