കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ രണ്ടാം പ്രതിയായ സുധാകരനോട് മറ്റന്നാള്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനും ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ച് നിര്‍ദേശിച്ചു. രണ്ടാഴ്ചത്തേക്കാണ് മൂന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സുധാകരന്‍ അന്വേഷണവുമായി സഹകരിക്കണം. എന്തെങ്കിലും സാഹചര്യത്തില്‍ അറസ്റ്റു ചെയ്യേണ്ടിവന്നാല്‍ 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുധാകരന്‍ പോലീസിനെയും വെട്ടിലാക്കിയിരുന്നു. ഡിജിപി അനില്‍കാന്ത്, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവരുടെ ചിത്രമാണ് ഹാജരാക്കിയത്. ഈ പോലീസ് ഉന്നതര്‍ മോന്‍സന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരാണെന്നും ഇതുപോലെ ഒരു ഫോട്ടോ മാത്രമാണ് തന്റെ പേരിലും പുറത്തുവന്നത്- സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2021ലാണ് പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അന്ന് തന്റെ പേരില്ലായിരുന്നു. പിന്നീട് തന്റെ പേര് കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്നും സുധാകരന്‍ വാദിച്ചിരുന്നു.
എന്നാല്‍ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആദ്യ പരാതിയില്‍ തന്നെ സുധാകരന്റെ പേരുണ്ടായിരുന്നു. നിലവില്‍ സുധാകരനെ അറസ്റ്റു ചെയ്യാന്‍ സാഹചര്യമില്ല. എന്നാല്‍ ചോദ്യം ചെയ്യലില്‍ അറസ്റ്റു ചെയ്യേണ്ട സാഹചര്യം വന്നാല്‍ അറസ്റ്റു നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
തട്ടിപ്പ് കേസില്‍ സുധാകരനെതിരെ തെളിവുകളുണ്ടെന്ന് ഡിവൈഎസ്പി റസ്റ്റം ഇന്നലെ പറഞ്ഞിരുന്നു. മോന്‍സനെ ജയിലില്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ഡിഎൈസ്്പിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ കേസില്‍ സുധാകരന് പങ്കില്ലെന്ന നിലപാടിലാണ് മോന്‍സണ്‍. പോക്‌സോ കേസിലും സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്നും മോന്‍സണ്‍ പറഞ്ഞിരുന്നു.
إرسال تعليق