Join News @ Iritty Whats App Group

ആയുധധാരികളായ മാവോയിസ്റ്റുകൾ പ്രകടനം നടത്തിയ സംഭവം യു എ പി എ വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തു


ഇരിട്ടി: എടപ്പുഴയിൽ മാവോയിസ്റ്റുകൾ ആയുധമേന്തി പ്രകടനം നടത്തിയ സംഭവത്തിൽ യുഎപിഎ വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തു. അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അഞ്ചംഗ മാവോയിസ്റ്റ് സംഘം തോക്കേന്തി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയും കൈകൊണ്ടെഴുതിയ പോസ്റ്ററുകൾ പതിക്കുകയും ചെയ്തത്. സി പി ഐ മാവോയിസ്റ്റ് കബനീദളം എന്നെഴുതിയ പോസ്റ്ററുകളാണ് പതിച്ചിരുന്നത്.
  ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. നേരത്തെ ഈ മേഖലയിൽ പലതവണ സന്ദർശനം നടത്തിയ സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് ഇവിടെ എത്തിയത് എന്ന നിഗമനത്തിലാണ് പോലീസ്. തോക്കുകളേന്തിയുള്ള പ്രകടനം, പ്രകോപനപരമായ മുദ്രാവാക്യം, കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള ലഘുലേഖ വിതരണം, പ്രസംഗം എന്നിവ നടത്തിയതിന് യുഎപിഎ പ്രകാരമാണ് കരിക്കോട്ടക്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത് . ഇരട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ തണ്ടർബോൾട്ട്, ആന്റി നക്സൽ ഫോഴ്‌സ് ഉൾപ്പെടെയുള്ള സംഘം മേഖലയിൽ നിരീക്ഷണം ശക്തമാക്കി. 
കഴിഞ്ഞ ദിവസം ടൗണിൽ പ്രകടനം നടത്തി പലവ്യഞ്ജനങ്ങളുമായി മടങ്ങിയതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത് എന്ന് നാട്ടുകാർ പറഞ്ഞു. എടപ്പുഴ ടൗണിൽ റോഡിൻറെ ഇരുവശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സിപിഐ മാവോലിസ്റ്റ് കബനീ ദളം എന്ന പേരിൽ ഒട്ടിച്ച പോസ്റ്ററുകൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് നശിപ്പിച്ചു. സംഘം പോയതിനുശേഷം ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള കേരള കർണാടക വനമേഖലയിൽ പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംസ്ഥാന രഹസ്യാന്വേഷണ ഇൻറലിജൻസ് വിഭാഗങ്ങൾ ഉൾപ്പെടെ വിവരം ശേഖരിക്കുന്നുണ്ട്. കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മാവോയിസ്റ്റ് വിരുദ്ധ പ്രത്യേക സേനകളും വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

Post a Comment

أحدث أقدم