ഇന്ത്യയിൽ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി നിരോധിച്ചിരിക്കുകയാണ്. അതായത് സ്ത്രീധനം കൊടുത്താലോ വാങ്ങിയാലോ അത് കേസാകും എന്ന് അർത്ഥം. എന്നുവച്ച് ഇന്ത്യയിൽ ആരും സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെയാവും ഉത്തരം. പലരും ആരും അറിയാതെയാവും ഈ ഇടപാടുകൾ നടത്തുന്നത്. ചിലരാകട്ടെ തങ്ങളുടെ മകൾക്കുള്ള തങ്ങളുടെ സമ്മാനം എന്ന നിലയിലാണ് ഭാരിച്ച സ്വർണമടക്കം നൽകുന്നത്. എന്തിരുന്നാലും സ്ത്രീധനത്തിന്റെ പേരിൽ ഇന്നും കൊലപാതകങ്ങളും ആത്മഹത്യകളും നടക്കുന്ന രാജ്യം തന്നെയാണ് നമ്മുടേത്.
ഇപ്പോഴിതാ ഉത്തർ പ്രദേശിൽ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട യുവാവിനെ വധുവിന്റെ വീട്ടുകാർ മരത്തിൽ കെട്ടിയിട്ടു. ഹാരം കൈമാറുന്നതിന് തൊട്ടുമുമ്പാണ് ഈ സംഭവവികാസങ്ങളെല്ലാം നടക്കുന്നത്. സംഭവത്തിന്റെ വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രസ്തുത വീഡിയോയിൽ വരനായ അമർജീത്തിനെ വധുവിന്റെ വീട്ടുകാർ പിടിച്ചു മരത്തിൽ കെട്ടിയിട്ടിരിക്കുന്നത് കാണാം. നിരവധിപ്പേർ ഇയാൾക്ക് ചുറ്റുമായി നിൽക്കുന്നുണ്ട്. എന്തെങ്കിലും ഒരു വ്യവസ്ഥയിലെത്താൻ ഇരു വീട്ടുകാരും പരാജയപ്പെട്ടതോടെ മണിക്കൂറുകളോളം യുവാവ് മരത്തിൽ കെട്ടിയിട്ട നിലയിൽ തുടർന്നു.
സംഭവത്തിന് പിന്നാലെ അമർജീത്തിന്റെ സുഹൃത്തുക്കളും പ്രകോപിതരായതോടെ കാര്യങ്ങൾ കൈവിട്ടുപോയി. പൊലീസ് എത്തിയാണ് യുവാവിനെ ഒടുവിൽ മരത്തിൽ നിന്നും കെട്ടഴിച്ച് മോചിപ്പിച്ചത്. രണ്ട് വീട്ടുകാരെയും പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എങ്കിലും, എന്തെങ്കിലും ഒരു വ്യവസ്ഥയിലെത്താൻ അപ്പോഴും ഇരുവീട്ടുകാർക്കും സാധിച്ചില്ല. അമർജീത്ത് വിവാഹവേദിയിൽ വച്ച് സ്ത്രീധനം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത് എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറായ മന്താധ പറഞ്ഞു.
إرسال تعليق