കോട്ടയം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യചെയ്തതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തെ പരോക്ഷമായി ആക്രമിക്കുന്നതിനെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ. കോളേജ് അധികാരികൾ നടത്തിയ പ്രസ്താവനയും കാഞ്ഞിരപ്പള്ളിയിൽ കത്തോലിക്ക സഭയുടെ നേത്യത്വത്തിൽ നടന്ന പ്രകടനത്തിൽ മുസ്ലിം സമുദായത്തിനെതിരെ വിളിച്ച മുദ്രാവാക്യവും അപലപനീയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം എച്ച് ഷാജിയും കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീൻഷായും പ്രസ്താവനയിൽ പറഞ്ഞു.
കോളേജിൽ ശ്രദ്ധ എന്ന കുട്ടി മരിക്കാൻ ഇടയായ സാഹചര്യം അന്വേഷിക്കേണ്ടത് സർക്കാരും പൊലീസുമാണ്. കോളേജിൽ കുട്ടികൾ നടത്തിയ സമരത്തെ വർഗീയവത്ക്കരിച്ച് മുസ്ലിം സമുദായത്തെ ആക്രമിച്ച് തലയൂരാൻ ശ്രമിക്കുന്നത് അപലപനീയമാണ്.
കോളേജിൽ മതപരമായ വിവേചനം നിലനിൽക്കുന്നുണ്ടെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആരോപിച്ചു. മുമ്പ് പഠിച്ചകുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും ഇത് അനുഭവപ്പെടുന്നുണ്ടെന്നും അവർ ആരോപിച്ചു. കത്തോലിക്ക സഭയുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് മറയിടാനും രക്ഷപ്പെടാനുമുള്ള മാർഗമായി മുസ്ലിം സമുദായത്തെ ഉപയോഗിക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
إرسال تعليق