കൊച്ചി: മോന്സൻ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ പ്രതി ചേർക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സുധാകരന് ഹാജരായത്.
കളമശേരി ക്രൈംബ്രാഞ്ച് ഒഫീസിലാണ് ചോദ്യം ചെയ്യല്‍. പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.
ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്.
രണ്ടാഴ്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യമാണ് കോടതി അനുവദിച്ചത്.സിആര്‍പിസി 41 പ്രകാരം നോട്ടീസ് നല്കിയതിനാല് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിലും 50,000 രൂപ ബോണ്ടിലും രണ്ടാള് ജാമ്യത്തിലും വിട്ടയ്ക്കും.
കേസില്‍ രണ്ടാം പ്രതിയായ സുധാകരന് പങ്കില്ലെന്ന് കഴിഞ്ഞ ദിവസം മോന്സൻ മാവുങ്കല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് സുധാകരനെതിരെ രംഗത്തുവന്നിരുന്നു.
കേസിലെ പരാതിക്കാരിലൊരാളായ അനൂപില്നിന്നും മോന്സൻ വാങ്ങിയ 25 ലക്ഷത്തില്‍നിന്ന് 10 ലക്ഷം രൂപ മോന്സൻ സുധാകരന് കൈമാറിയത് കണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഈ സഹചര്യത്തില്‍ ഇരുവരുടെയും പ്രതികരണങ്ങള്‍ വിലയ്ക്കെടുത്ത് സുധാകരനില്‍നിന്നും വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അജിതിനെ മോന്‍സന്റെ അടുപ്പക്കാരന് എബിന് വന്ന് കണ്ടതും വാര്‍ത്തയായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ സാഹചര്യവും ചോദിച്ചറിയും.
മോന്സൻ ശിക്ഷിക്കപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ ചോദ്യം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞിരുന്നു.
എന്നാല്‍ സാമ്പത്തിക തട്ടിപ്പു കേസിലെ വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍ എന്നാണ് ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുന്നത്.
إرسال تعليق