തിരുവാര്‍പ്പ് : തൊഴില്‍ തകര്‍ക്കത്തെ തുടര്‍ന്നു സി.ഐ.ടി.യു യൂണിയന്‍ ബസ് സര്‍വീസ് കൊടികുത്തി തടഞ്ഞിനെ തുടര്‍ന്നു ബസ് ഉടമയായ വിമുക്തഭടന്‍ അതിജീവനത്തിനായി പ്രതീകാത്മക സമരം നടത്തി. കോട്ടും സ്യൂട്ടും ധരിച്ചു ലോട്ടറി വില്‍പന നടത്തിയായിരുന്നു സമരം.
തിരുവാര്‍പ്പ് ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണു ബസുടമ ഈ ഒറ്റയാള്‍ സമരം നടത്തിയത്. തിരുവാര്‍പ്പ് സ്വദേശിയും വെട്ടിക്കുളങ്ങര ബസ് ഉടമയുമായ രാജ് മോഹനാണു സമരം നടത്തിയത്.കഴിഞ്ഞ ശനിയാഴ്ച തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നു തിരുവാര്‍പ്പ് കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സി.ഐ.ടി.യു കൊടി കുത്തിയത് , ഇതാണു പ്രതീകാത്മക സമരത്തിനു കാരണം.
വെട്ടിക്കുളങ്ങര ബസ് സര്‍വീസിനു നാല് ബസുകള്‍ ആണുള്ളത് അതില്‍ നഷ്ടമില്ലാതെ നടക്കുന്ന ഏക സര്‍വീസ് ആണിത്. നഷ്ടത്തില്‍ സര്‍വീസ് നടത്തുന്ന തന്റെ ബസുകളില്‍ ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളം നല്‍കാറുണ്ടെന്നും ബസ് കൊടികുത്തി സമരം നടത്തിയവരില്‍ വെട്ടിക്കുളങ്ങര ബസിലെ തൊഴിലാളികള്‍ ആരും തന്നെ ഇല്ലെന്നും രാഷ്ട്രീയ വൈരാഗ്യമാണു തന്റെ സംരംഭത്തെ തകര്‍ക്കുവാന്‍ കാരണമാകുന്നതെന്ന രാജ് മോഹന്‍ വെട്ടികുളങ്ങര പറഞ്ഞു.
ലേബര്‍ ഓഫീസര്‍ മുമ്പാകെ എഴുതി തയ്യാറാക്കിയ കരാര്‍ പ്രകാരമാണു നിലവില്‍ സര്‍വീസ് നടന്നു വരുന്നത്. ബസ് കൊടി കുത്തി തടഞ്ഞതു മൂലം അതിലെ തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേയ്ക് തള്ളി വിടുകയാണു സി.ഐ.ടി.യു ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
إرسال تعليق