കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ലോറി ഡ്രൈവര്‍ വെട്ടേറ്റു മരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. കണിച്ചാല്‍ സ്വദേശി ജിന്റോ എന്ന ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ലോറിയില്‍ ഉറങ്ങിക്കിടന്ന ജിന്റോയ്ക്ക് ലോറിയ്ക്കുള്ളില്‍ വച്ചാണ് വെട്ടേറ്റത്. കാലിനാണ് വെട്ടേറ്റത്. പുറത്തേക്ക് വന്ന ജിന്റോ നൂറുമീറ്ററോളം നടന്നുവെങ്കിലും റോഡില്‍ വീണ് മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കസ്റ്റഡിയിലായതായി എസിപി രത്‌നകുമാര്‍ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെയും എസിപിയുടെയും ഓഫീസിനും ടൗണ്‍ പോലീസ് സ്‌റ്റേഷനു സമീപവുമാണ് ആക്രമണം നടന്നത്.
ഓടിവന്ന് തളര്‍ന്നുവീണ ജിന്റോ ഒരുമണിക്കൂറോളം റോഡില്‍ കിടന്നു. എയര്‍ ഫോഴ്‌സ് ആംബുലന്‍സ് എത്തിയാണ് ജിന്റോയെ ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം ജിന്റോ മരിച്ചിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മോഷ്ടാക്കളാണ് ആക്രമിച്ചതെന്ന് കരുതുന്നു.
ചരക്കുമായി വരുന്ന ലോറി ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തിയിട്ട് വിശ്രമിക്കുന്ന സ്ഥലമാണിത്. ഇവിടെ മോഷണവും പിടിച്ചുപറിയും പതിവാണെന്ന് ലോറി ഡ്രൈവര്‍മാര്‍ പറയുന്നു. രാത്രി പരന്തണ്ടു മണിക്കു ശേഷം ഏതു സമയവും അക്രമികള്‍ എത്തും. ചരക്കുലോറി ഡ്രൈവര്‍മാരോട് പണം ചോദിക്കും. കൊടുത്തില്ലെങ്കില്‍ വാഹനത്തില്‍ മോഷണം നടത്തും. വടിവാളും കത്തികളുമായാണ് മോഷ്ടാക്കള്‍ എത്തുന്നത്. ബിവ്‌റേജസിന്റെ വാഹനങ്ങളാണ് കൂടുതലും മോഷണത്തിനിരയാകുന്നതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
إرسال تعليق