Join News @ Iritty Whats App Group

കൊട്ടിയൂർ വൈശാഖ മഹോത്സവം : ഭണ്ഡാരങ്ങളും അമ്മാറക്കൽ കുടയും എഴുന്നള്ളിച്ചു ഇന്ന് മുതൽ സ്ത്രീകൾക്കും പ്രവേശനാനുമതി


ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയകുടകളാണ് സ്ഥാനികനായ പെരും കണിയാൻ മുഴക്കുന്ന് സ്വദേശി കരിയിൽ ബാബു, സതീഷ് മണത്തണ എന്നിവർ ചേർന്ന് കാൽനടയായി കൊട്ടിയൂരിലെത്തിച്ചത്. നീരെഴുന്നള്ളത്ത് നാളിൽ ആണ് കുട നിർമ്മാണം ആരംഭിച്ചത്. വെള്ളിയാഴ്ച കാലത്ത് പൂജകഴിഞ്ഞശേഷം രണ്ടു കുടകളും കൊട്ടിയൂരിലെത്തിച്ചു. ഊരാളന്മാർക്കും അടിയന്തിരക്കാർക്കും ഉപയോഗിക്കുന്നതിനുള്ള കുടകളും ഇതോടൊപ്പം നിർമിച്ചു. 14 തലക്കുടയും 16 കാൽക്കുടയുമാണ് നിർമിച്ചത്. ഇവയും വെള്ളിയാഴ്ച മണത്തണയിലെത്തിച്ചു. ഇവ ഭണ്ഡാരമെഴുന്നള്ളത്തിനൊപ്പം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കെത്തിച്ചു. 

മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികൾ യാത്ര തുടങ്ങിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന സ്വർണത്തിലും വെള്ളിയിലും തീർത്ത പാത്രങ്ങളാണ് ഭണ്ഡാരങ്ങൾ. ഭഗവതി കരിമ്പന ഗോപുര വാതിക്കൽ എത്തി ശംഖധ്വനി മുഴക്കി താക്കോൽ കൊടുത്ത് അനുവാദം നൽകിയതിനുശേഷം വാളശ കാരണവരും അടിയന്തിര യോഗവും മണാളനും ചേർന്ന് ഗോപുരവും നിലവറയും തുറന്ന് ഭണ്ഡാരങ്ങളും ചെപ്പ് ക്ടാരങ്ങളും പുറത്തെടുത്ത് അടിയന്തിര യോഗ സാന്നിധ്യത്തിൽ കണക്കപ്പിള്ളയെ ഏൽപ്പിച്ചു. കണക്കപ്പിള്ള ഭണ്ഡാരങ്ങൾ കുടിപതികളെ ഏൽപ്പിച്ചു. വാളശന്മാരും പുറകെ അടിയന്തിര യോഗക്കാരും ഭണ്ഡാരത്തെ അനുഗമിച്ചു. അർധരാത്രിയോടെയാണ് ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയത് . 
പതിനൊന്ന് മാസത്തെ ഇടവേളയ്ക്കുശേഷം ഇക്കരെ കൊട്ടിയൂരിൽ വാണരുളുന്ന ഉമാമഹേശ്വരന്മാരും ഭണ്ഡാരങ്ങൾക്കൊപ്പം അക്കരെ സന്നിധാനത്തേക്ക് എഴുന്നള്ളി. ഭക്തഗണങ്ങളെന്ന സങ്കൽപ്പത്തിൽ വാദ്യവൃന്ദങ്ങളോടൊപ്പം എഴുന്നള്ളിയ ദേവീദേവൻമാർ ബാവലിയിൽ നീരാടി അക്കരെയിലേക്ക് കടക്കുമ്പോൾ പാണിവാദ്യവുമായി ഓച്ചർമാർ അകമ്പടി സേവിച്ചു. മുന്നിൽ സമുദായി പിന്നിൽ വിവിധ അകമ്പടിക്കാർ പിറകിൽ ദേവീദേവൻ എന്നിങ്ങനെ കിഴക്കെ നടവഴി മുഖമണ്ഡപത്തിൽ എത്തി മണിത്തറയിൽ ഉപവിഷ്ടരായി. 
മുതിരേതി വാളും മണത്തണ ചാപ്പാരം ദേവീമാരുടെ വാളുകളും ഭണ്ഡാരഅറയിൽ സാന്നിധ്യമരുളി. ഇതോടെ സമുദായി കുത്ത് വിളക്കിൽ നിന്ന് കയ്യാലകളിലേക്ക് ദീപം പകർന്നു. ആദ്യ ചടങ്ങായ സഹസ്രകുംഭാഭിഷേകം, നവകം, തിരുവത്താഴപൂജ, ശ്രീഭൂതബലി ചടങ്ങുകൾ നടന്നു. തുടർന്ന് 36 കുടം അഭിഷേകം നടന്നു. ഉത്സവകാലത്തെ ആദ്യ ആരാധനയായ തിരുവോണം ആരാധന ജൂൺ 8 ന് വ്യാഴാഴ്ച നടക്കും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ പ്രവേശിച്ചതോടെ സ്ത്രീകൾക്കും അക്കരെ ക്ഷേത്രത്തിൽ പ്രവേശനാനുമതിയായി.

Post a Comment

أحدث أقدم
Join Our Whats App Group