തിരുവനന്തപുരം: തനിക്കെതിരെയുള്ള വൈദേകം റിസോർട്ട് വിവാദത്തിന് പിന്നിൽ പി. ജയരാജന് പങ്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ.
താൻ മുൻപ് മന്ത്രിയായിരുന്നപ്പോൾ വകുപ്പ് ഭരിക്കാൻ നോക്കിയവരാണ് വിവാദത്തിന് പിന്നിൽ. എന്നാൽ അവർ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇ.പി. ജയരാജൻ ഇക്കാര്യങ്ങൾ പറഞ്ഞത്.ഇനി പാർലമെന്ററി രംഗത്തേക്കില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
പാർട്ടിയും താനും രണ്ട ് വഴിക്കല്ല നീങ്ങുന്നത്. റിസോർട്ട് വിവാദത്തിൽ പാർട്ടിക്കകത്ത് ഒരു പരാതിയും ഉയർന്നിരുന്നില്ല. അങ്ങനെ ഒരു വിഷയം മാധ്യമങ്ങളാണ് ഉയർത്തിക്കൊണ്ടുവന്നത്. ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് താനല്ല.
പി. ജയരാജൻ എന്നേക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. എന്തിനാണ് ഞങ്ങൾ തമ്മിൽ പരസ്പരം വെറുക്കേണ്ടത്.
രണ്ട് ദിവസം മുന്‍പും അദ്ദേഹം വീട്ടിൽ വന്നിരുന്നു. വിവാദത്തെ പ്രതിരോധിക്കാതിരുന്നത് അതിന്റെ ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ടാണ്.
സംസ്ഥാനത്ത് പോലീസ് നയം തീരുമാനിക്കുന്നത് പി. ശശിയാണെന്നുള്ള വാദം തെറ്റാണ്. സർക്കാരിനെ ചെറുതാക്കാൻ വേണ്ടിഅങ്ങനെയൊക്കെ പറയുന്നതാണ്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ശശി. ശശിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് എന്തിനാണ്. സർക്കാരിന്റെ നയം നടപ്പാക്കുകയെന്ന തന്റെ ചുമതലയാണ് ശശി നിർവഹിക്കുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Post a Comment